സൊഹ്റാബുദ്ദീൻ കേസിൽ നേരിട്ട് തെളിവുകളില്ല : ബോംബെ ഹൈകോടതി

സൊഹ്റാബുദ്ദീൻ ശൈഖ്, കൂട്ടാളി തുൾസിറാം പ്രജാപതി എന്നിവരെ ഏറ്റുമുട്ടലിലും സൊഹ്റാബുദ്ദീന്റെ ഭാര്യ കൗസർബിയെ ഫാംഹൗസിൽ വെച്ചും കൊലപ്പെടുത്തിയതിന് നേരിട്ട് തെളിവുകളില്ലെന്ന് ബോംബെ ഹൈകോടതി. സാഹചര്യ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസെന്നും എന്നാൽ, സാഹചര്യ തെളിവുകളെ കൂട്ടിയിണക്കുന്ന കണ്ണികൾ ദുർബലമാണെന്നും കോടതി പറഞ്ഞു. കേസിൽ 21 പൊലീസുകാരുൾപ്പെടെ 22 പേരെ വെറുതെവിട്ട സി.ബി.ഐ കോടതി വിധി ശരിവെച്ചും വിധിക്കെതിരെ സൊഹ്റാബുദ്ദീന്റെ സഹോദരങ്ങൾ നൽകിയ ഹരജികൾ തള്ളിയും വ്യാഴാഴ്ച ചീഫ് ജസ്റ്റിസ്‌ ശ്രീചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖഡ് എന്നിവർ പുറപ്പെടുവിച്ച വിധിയിലാണ് പരാമർശം.

 

മുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ്, കൂട്ടാളി തുൾസിറാം പ്രജാപതി എന്നിവരെ ഏറ്റുമുട്ടലിലും സൊഹ്റാബുദ്ദീന്റെ ഭാര്യ കൗസർബിയെ ഫാംഹൗസിൽ വെച്ചും കൊലപ്പെടുത്തിയതിന് നേരിട്ട് തെളിവുകളില്ലെന്ന് ബോംബെ ഹൈകോടതി. സാഹചര്യ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസെന്നും എന്നാൽ, സാഹചര്യ തെളിവുകളെ കൂട്ടിയിണക്കുന്ന കണ്ണികൾ ദുർബലമാണെന്നും കോടതി പറഞ്ഞു. കേസിൽ 21 പൊലീസുകാരുൾപ്പെടെ 22 പേരെ വെറുതെവിട്ട സി.ബി.ഐ കോടതി വിധി ശരിവെച്ചും വിധിക്കെതിരെ സൊഹ്റാബുദ്ദീന്റെ സഹോദരങ്ങൾ നൽകിയ ഹരജികൾ തള്ളിയും വ്യാഴാഴ്ച ചീഫ് ജസ്റ്റിസ്‌ ശ്രീചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖഡ് എന്നിവർ പുറപ്പെടുവിച്ച വിധിയിലാണ് പരാമർശം.

വിധിപ്പകർപ്പ് വെള്ളിയാഴ്ചയാണ് ലഭ്യമായത്. വിചാരണ നേരിട്ടവർക്ക് എതിരെയുള്ള അതേ തെളിവുകൾതന്നെയാണ് നേരത്തേ സി.ബി.ഐ കോടതി കേസിൽനിന്ന് ഒഴിവാക്കിയവർക്ക് എതിരെയുമുള്ളത് എന്നതിൽ ആ ഉത്തരവിൽ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 16 പേരെ കേസിൽനിന്ന് ഒഴിവാക്കിയതിന് എതിരായ ഹരജി തള്ളിയാണ് കോടതി ഇത് പറഞ്ഞത്. പ്രോസിക്യൂഷൻ കേസിന്റെ അടിത്തറ തകർന്നെന്നും സി.ബി.ഐ കോടതി വിധി അന്തിമ വിധിയാണെന്നും ഹൈകോടതി വിധിയിൽ പറയുന്നു. വിചാരണ നേരിട്ടവർ സംഭവ സമയത്ത് സംഭവസ്ഥലങ്ങളിലുണ്ടായിരുന്നെന്നും ഗൂഢാലോചന നടന്നെന്നും സംശയാധീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും ഹൈകോടതി പറഞ്ഞു.

അമിത് ഷാ ഉൾപ്പെടെ 16 പേരെ കേസിൽനിന്ന് ഒഴിവാക്കി 2014 ഡിസംബറിലും തുടർന്ന് വിചാരണ നേരിട്ട 21 പൊലീസുകാരെയും ഫാംഹൗസ് ഉടമയെയും വെറുതെവിട്ട് 2018 ഡിസംബറിലുമാണ് പ്രത്യേക സി.ബി.ഐ കോടതി വിധി പറഞ്ഞത്.