സമൂഹമാധ്യമത്തിലെ വിവാദ പോസ്റ്റ് ; മഹുവ മൊയ്ത്ര നൽകിയ ഹരജി തള്ളി സുപ്രീം കോടതി 

 

 ന്യൂഡൽഹി: സമൂഹമാധ്യമത്തിലെ വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇളവ് തേടിക്കൊണ്ട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര നൽകിയ ഹരജി സുപ്രീം കോടതി തള്ളി. അന്വേഷണവുമായി സഹകരിക്കണമെന്ന കൽക്കട്ട ഹൈകോടതിയുടെ ഉത്തരവിൽ ഇടപെടാൻ കോടതി തയാറായില്ല. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ശീൽ നഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

പൊലീസിന് മുന്നിൽ നേരിട്ട് ഹാജരാകാൻ സുരക്ഷാ ഭീഷണിയുണ്ടെന്നും, അതിനാൽ ഓൺലൈനായി ചോദ്യം ചെയ്യലിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നുമാണ് മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. തനിക്ക് നേരെ മുമ്പ് ഭീഷണികൾ ഉണ്ടാവുകയും പിന്നീട് യഥാർത്ഥത്തിൽ മുട്ടയേറ് നടക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു.

എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ട്, മഹുവ മൊയ്ത്ര ഒരു പാർലമെന്റ് അംഗമാണെന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ട് മുട്ടയേറിനെ ഭയപ്പെടുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. സ്വാതന്ത്ര്യസമര സേനാനികൾ നെഞ്ചിൽ വെടിയുണ്ടയേറ്റാണ് പോരാടിയതെന്നും, ഇത്തരം ഹരജികൾ സുപ്രീം കോടതിയിൽ എത്തരുതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. തുടർന്ന് കോടതി അനുകൂലമല്ലെന്ന് കണ്ടതോടെ മഹുവ മൊയ്ത്രയുടെ അഭിഭാഷകൻ ഹരജി പിൻവലിക്കുകയായിരുന്നു. വ്യാജമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും, നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മഹുവ മൊയ്ത്ര നൽകിയ ഹരജിയാണ് ഇതോടെ തീർപ്പായത്.

ബി.ജെ.പി നേതാവ് ഹിരാക് ഭട്ടാചാര്യയുടെ പരാതിയിലാണ് മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലും വർഗീയ സൗഹാർദം തകർക്കുന്ന തരത്തിലും മൊയ്ത്ര പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കൃഷ്ണനഗർ ജില്ലാ സെഷൻസ് കോടതിക്ക് പുറത്ത് ബി.ജെ.പി വനിതാ പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെ മഹുവ മൊയ്ത്ര ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോകളാണ് കേസിന് ആധാരമായത്.

ഈ കേസിൽ ഒക്ടോബർ 5 വരെ മഹുവ മൊയ്ത്രയ്ക്ക് കൽക്കട്ട ഹൈകോടതി അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം നൽകിയിരുന്നു. കൂടാതെ ആഗസ്റ്റ് 14-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയയാകാനും ഹൈകോടതി നിർദേശിച്ചിരുന്നു. കേസ് ഒക്ടോബർ 1-ന് വീണ്ടും പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.