ഡൽഹിയിൽ പുകമലിനീകരണം രൂക്ഷം: നിർമാണ പ്രവർത്തനങ്ങൾക്കും ഓഫീസുകൾക്കും നിയന്ത്രണം

തലസ്ഥാന നഗരിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നവംബർ 5 മുതൽ 20 വരെ എല്ലാത്തരം നിർമാണ, അറ്റകുറ്റപ്പണികളും പൊളിക്കൽ പ്രവർത്തനങ്ങളും പൂർണ്ണമായി നിർത്തിവെക്കാൻ നിർദേശിച്ചു. കൂടാതെ ഈ കാലയളവിൽ സർക്കാർ ഓഫീസുകൾ ഹൈബ്രിഡ് മോഡലിൽ പ്രവർത്തിക്കും. ജീവനക്കാർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം നേരിട്ട് ഓഫീസുകളിൽ ഹാജരായാൽ മതിയാകും.

 

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നവംബർ 5 മുതൽ 20 വരെ എല്ലാത്തരം നിർമാണ, അറ്റകുറ്റപ്പണികളും പൊളിക്കൽ പ്രവർത്തനങ്ങളും പൂർണ്ണമായി നിർത്തിവെക്കാൻ നിർദേശിച്ചു. കൂടാതെ ഈ കാലയളവിൽ സർക്കാർ ഓഫീസുകൾ ഹൈബ്രിഡ് മോഡലിൽ പ്രവർത്തിക്കും. ജീവനക്കാർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം നേരിട്ട് ഓഫീസുകളിൽ ഹാജരായാൽ മതിയാകും. വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 229 ആയി ഉയർന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം വായുനില നിലവിൽ 'മോശം' വിഭാഗത്തിലാണ്.

ഡൽഹിയിലെ ഉത്തം നഗറിലാണ് ഏറ്റവും ഉയർന്ന മലിനീകരണം രേഖപ്പെടുത്തിയത് (339). മുൻഡ്ക (336), ദ്വാരക സെക്ടർ 8 (307) എന്നിവയാണ് തൊട്ടുപിന്നിൽ. സി.ആർ.ആർ.ഐ മഥുര റോഡ്, ജഹാംഗീർപുരി, പഞ്ചാബി ബാഗ് എന്നിവിടങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്. അതേസമയം ലോധീ റോഡിലാണ് ഏറ്റവും കുറഞ്ഞ മലിനീകരണം രേഖപ്പെടുത്തിയത് (129). അയൽ നഗരങ്ങളായ നോയിഡ (235), മനേസർ (228), ഗുരുഗ്രാം (227), ഗ്രേറ്റർ നോയിഡ (209) എന്നിവിടങ്ങളിലും വായു ഗുണനിലവാരം മോശമായി തുടരുകയാണ്.