മദ്യത്തിന്റെ ഗന്ധം മാത്രം പോരാ, മദ്യപിച്ചെന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണം ; ഉത്തരാഖണ്ഡ് ഹൈക്കോടതി
മദ്യപിച്ച് വാഹനമോടിച്ചെന്നാരോപിച്ച് ഡ്രൈവർക്കെതിരെ കേസെടുക്കുന്നതിൽ സുപ്രധാന വിധി പുറപ്പെടുവിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഡ്രൈവറുടെ ശരീരത്തിൽ നിന്ന് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടു എന്നതുകൊണ്ട് മാത്രം ഒരാളെ മദ്യപിച്ച് വാഹനമോടിച്ചു എന്ന് മുദ്രകുത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് അലോക് മഹ്ര നിരീക്ഷിച്ചു. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തുന്നതിന് ബ്രെത്ത്‌അലൈസർ പരിശോധനയോ രക്തപരിശോധനയോ പോലുള്ള ശാസ്ത്രീയ തെളിവുകൾ നിർബന്ധമാണെന്നും കോടതി വ്യക്തമാക്കി.
ചമോലി സ്വദേശിയായ അമർ സിംഗ് നൽകിയ ഹർജിയിലാണ് ഈ നിർണായക ഉത്തരവ്. അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചിരുന്നത് അമർ സിംഗായിരുന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും പലർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന്, അദ്ദേഹം മദ്യപിച്ചിരുന്നതായി ആരോപിച്ച് മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ (ബിഎൻഎസ് സെക്ഷൻ 105) ചുമത്തിയിരുന്നു. എന്നാൽ, ശാസ്ത്രീയ പരിശോധനകളൊന്നും നടത്താതെയാണ് പോലീസ് ഈ കുറ്റം ചുമത്തിയതെന്ന് കോടതി കണ്ടെത്തി. കൂടാതെ, അപകടത്തിന് കാരണം ടയർ പൊട്ടിത്തെറിച്ചതാണെന്ന് സാങ്കേതിക പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്.
ഇതേത്തുടർന്ന് അമർ സിംഗിനെതിരെ ചുമത്തിയിരുന്ന മനഃപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ഹൈക്കോടതി റദ്ദാക്കി. അതേസമയം, അശ്രദ്ധമായി വാഹനമോടിക്കൽ, മുറിവേൽപ്പിക്കൽ തുടങ്ങിയ മറ്റ് വകുപ്പുകൾ നിലനിർത്തിക്കൊണ്ട് വിചാരണ നടപടികൾ വേഗത്തിലാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകി. മദ്യപാനം പോലുള്ള ആരോപണങ്ങളിൽ വെറും സാക്ഷ്യപ്പെടുത്തലുകളേക്കാൾ ശാസ്ത്രീയമായ തെളിവുകൾക്ക് മുൻഗണന നൽകണമെന്ന കോടതിയുടെ നിരീക്ഷണം നിയമരംഗത്ത് ഏറെ ശ്രദ്ധേയമാണ്.