ട്രെയിനിലെ ലോവർ ബർത്ത് ഉറക്കം രാത്രി 10 മുതൽ രാവിലെ 6 വരെ മാത്രം; റെയിൽവേ സർക്കുലർ ശരിവെച്ച് മദ്രാസ് ഹൈക്കോടതി

ട്രെയിനുകളിലെ ലോവർ ബർത്തിൽ കിടന്നുറങ്ങാനുള്ള സമയം നിയന്ത്രിച്ചുകൊണ്ടുള്ള ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ മാത്രം ലോവർ ബർത്തിൽ കിടന്നുറങ്ങാൻ അനുമതി നൽകുന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ചില ഒറ്റപ്പെട്ട സംഭവങ്ങൾ കണക്കിലെടുത്ത് പൊതുതാൽപ്പര്യം മുൻനിർത്തി രൂപീകരിച്ച ഇത്തരം നിയന്ത്രണങ്ങൾ അസാധുവാക്കാൻ കഴിയില്ലെന്നും എല്ലാ യാത്രക്കാരുടെയും സൗകര്യം ഉറപ്പാക്കാനാണ് റെയിൽവേ ഇത്തരമൊരു തീരുമാനം എടുത്തതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

 

ചെന്നൈ: ട്രെയിനുകളിലെ ലോവർ ബർത്തിൽ കിടന്നുറങ്ങാനുള്ള സമയം നിയന്ത്രിച്ചുകൊണ്ടുള്ള ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ മാത്രം ലോവർ ബർത്തിൽ കിടന്നുറങ്ങാൻ അനുമതി നൽകുന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ചില ഒറ്റപ്പെട്ട സംഭവങ്ങൾ കണക്കിലെടുത്ത് പൊതുതാൽപ്പര്യം മുൻനിർത്തി രൂപീകരിച്ച ഇത്തരം നിയന്ത്രണങ്ങൾ അസാധുവാക്കാൻ കഴിയില്ലെന്നും എല്ലാ യാത്രക്കാരുടെയും സൗകര്യം ഉറപ്പാക്കാനാണ് റെയിൽവേ ഇത്തരമൊരു തീരുമാനം എടുത്തതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ചെന്നൈ സ്വദേശിയായ എസ്. ബാലസുബ്രഹ്മണ്യൻ സമർപ്പിച്ച അപ്പീൽ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നേരത്തെ ഫെബ്രുവരി 11-ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് അദ്ദേഹം അപ്പീൽ നൽകിയത്. അസുഖബാധിതയായ ഭാര്യയുമായി യാത്ര ചെയ്തപ്പോൾ രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള നിശ്ചിത സമയത്തിനപ്പുറം ബർത്തിൽ കിടന്നുറങ്ങാൻ സഹയാത്രക്കാർ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെയിൽവേ സർക്കുലർ റദ്ദാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.

എന്നാൽ ഉറങ്ങുന്ന സമയം നിയന്ത്രിക്കുന്നുണ്ടെങ്കിലും രോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സർക്കുലറിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. യാത്രയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിൽ ട്രെയിനിലെ ജീവനക്കാരെയോ ആർപിഎഫിനെയോ തൊട്ടടുത്ത സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.