മരിച്ച സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി എത്തിയ സംഭവം ; വിവാദമായതോടെ രേഖകള്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്ന വിശദീകരണവുമായി ബാങ്ക് 

കല്‍റ മുണ്ടയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 19300 രൂപ പിന്‍വലിക്കാനായിരുന്നു ജിതു മുണ്ട ഈ കടുംകൈ ചെയ്തത്.

 

സഹോദരിയുടെ അസ്ഥികൂടം തുണിയില്‍ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം ചുമന്നാണ് ജിതു മുണ്ട ബാങ്കിലെത്തിയത്.

മരിച്ച സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി എത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഒഡിഷ ഗ്രാമീണ്‍ ബാങ്ക്. തങ്ങള്‍ രേഖകള്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും, അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഒഡീഷ സ്വദേശിയായ ജിതു മുണ്ട എന്ന 50-കാരന് ബാങ്ക് നടപടിക്രമങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തത് പ്രശ്‌നം സങ്കീര്‍ണമാക്കിയെന്ന വിശദീകരണമാണ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒഡിഷയിലെ കെയ്‌ഞ്ചോര്‍ ജില്ലയിലാണ് 50-കാരനായ ജിതു മുണ്ട, തന്റെ മരിച്ചുപോയ സഹോദരി കല്‍റ മുണ്ടയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.

കല്‍റ മുണ്ടയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 19300 രൂപ പിന്‍വലിക്കാനായിരുന്നു ജിതു മുണ്ട ഈ കടുംകൈ ചെയ്തത്. അക്കൗണ്ട് ഉടമ നേരിട്ട് വന്നാലേ പണം നല്‍കാനാവൂ എന്ന് ബാങ്ക് ജീവനക്കാര്‍ പറഞ്ഞതിനാലാണ് അസ്ഥികൂടവുമായി ബാങ്കിലെത്തിയതെന്നാണ് ഇദ്ദേഹം പറയുന്നത്. മരിച്ചുപോയ സഹോദരിക്ക് പെന്‍ഷന്‍ ഇനത്തിലും മറ്റുമായി ലഭിച്ച 19300 രൂപ, തന്റെയും കുടുംബത്തിന്റെയും കടുത്ത ദാരിദ്ര്യത്തില്‍ നിന്നുള്ള താത്കാലിക രക്ഷയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം.

സഹോദരിയുടെ അസ്ഥികൂടം തുണിയില്‍ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം ചുമന്നാണ് ജിതു മുണ്ട ബാങ്കിലെത്തിയത്. ബാങ്കിലുണ്ടായിരുന്നവര്‍ ഇത് കണ്ട് പകച്ചുപോയി. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ അനുനയിപ്പിച്ചു. സംഭവം അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്തയായതോടെ ഒഡീഷ റവന്യൂ മന്ത്രി സുരേഷ് പൂജാരി ഇടപെട്ടു. ബാങ്ക് ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. ഒടുവില്‍ ബാങ്ക് പണം നല്‍കാന്‍ സമ്മതിച്ചതായാണ് വിവരം. കല്‍റ മുണ്ടയുടെ അസ്ഥികള്‍ വീണ്ടും സംസ്‌കരിച്ചു.