കാറില്‍ ഐസ്‌ക്രീം വീഴ്ത്തിയതിന് ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ചു കൊന്നു;അമ്മയും കാമുകനും അറസ്റ്റില്‍

കാറിനുള്ളില്‍ അബദ്ധത്തില്‍ ഐസ്‌ക്രീം വീഴ്ത്തിയെന്ന നിസ്സാര കാരണത്താല്‍ ആറ് വയസ്സുകാരിയെ അമ്മയും ലിവിൻ പങ്കാളിയും ചേർന്ന് ക്രൂരമായി മർദ്ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി.

 

യാത്രയ്ക്കിടെ കുട്ടി കയ്യിലിരുന്ന ഐസ്‌ക്രീം അബദ്ധത്തില്‍ കാറിനുള്ളില്‍ വീഴ്ത്തി. ഇതില്‍ പ്രകോപിതനായ മോഹൻ കുട്ടിയുടെ വയറ്റില്‍ കൈമുട്ടുകൊണ്ട് ശക്തമായി ഇടിച്ചു.

ബെംഗളുരു. കാറിനുള്ളില്‍ അബദ്ധത്തില്‍ ഐസ്‌ക്രീം വീഴ്ത്തിയെന്ന നിസ്സാര കാരണത്താല്‍ ആറ് വയസ്സുകാരിയെ അമ്മയും ലിവിൻ പങ്കാളിയും ചേർന്ന് ക്രൂരമായി മർദ്ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി.

ബെംഗളൂരുവിലെ സിഗേഹള്ളിയില്‍ കഴിഞ്ഞ മാർച്ച്‌ 25-നാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. മാസങ്ങള്‍ നീണ്ട വിശദമായ അന്വേഷണത്തിനൊടുവില്‍ കുട്ടിയുടെ അമ്മ പ്രിയങ്ക പി, ഇവരുടെ കാമുകനും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ മോഹൻ ജെ. മഹാനിംഗപ്പ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാർച്ച്‌ 24-ന് രാത്രി പ്രതികള്‍ കുട്ടിയുമായി കാറില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. യാത്രയ്ക്കിടെ കുട്ടി കയ്യിലിരുന്ന ഐസ്‌ക്രീം അബദ്ധത്തില്‍ കാറിനുള്ളില്‍ വീഴ്ത്തി. ഇതില്‍ പ്രകോപിതനായ മോഹൻ കുട്ടിയുടെ വയറ്റില്‍ കൈമുട്ടുകൊണ്ട് ശക്തമായി ഇടിച്ചു.

വേദനകൊണ്ട് കുട്ടി ഉച്ചത്തില്‍ നിലവിളിക്കാൻ തുടങ്ങിയതോടെ, വിവരം പുറത്തറിയാതിരിക്കാൻ മോഹൻ കുട്ടിയുടെ വായയും മൂക്കും ശക്തമായി അമർത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കുട്ടി മരിച്ച വിവരം മറച്ചുവെക്കാൻ പ്രതികള്‍ വൻ നാടകമാണ് നടത്തിയത്. മൃതദേഹം കാറിലിരുത്തി ഇവർ ഏകദേശം 12 മണിക്കൂറോളം ബെംഗളൂരു നഗരത്തിലൂടെ വണ്ടിയോടിച്ചു നടന്നു.

പിന്നീട് കുട്ടിക്ക് പെട്ടെന്ന് ആരോഗ്യപ്രശ്നമുണ്ടായി മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകള്‍ പൊലീസിന് സംശയമുണ്ടാക്കി.കുട്ടി മുൻപും ഇവരില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ നേരിട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ പിതാവ് പ്രവീണ്‍, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് യുകെയിലുള്ള തന്റെ ബന്ധുവായ ശിശുരോഗ വിദഗ്ദ്ധന് അയച്ചുകൊടുത്തു. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ, കുട്ടി ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടുണ്ടെന്നും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും സ്ഥിരീകരിച്ചു.