'അസ്സലാമു അലൈക്കും' എന്ന അഭിവാദ്യത്തിന് സിരി മറുപടി നല്‍കുന്നു,'ജയ് ശ്രീറാം' എന്ന് പറയുമ്പോള്‍ മൗനം പാലിക്കുന്നു ; വോയ്സ് അസിസ്റ്റന്റായ 'സിരി' ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് പരാതി

'ജയ് ശ്രീറാം', 'ജയ് ശ്രീ മഹാകാല്‍' എന്നീ കമാന്‍ഡുകള്‍ നല്‍കിയിട്ടും സിരി പ്രതികരിക്കാതിരുന്നതാണ് ഇയാളെ ചൊടിപ്പിച്ചത്.

 

ഉജ്ജൈനിലെയും ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കള്‍ ഐഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ കമ്പനി തങ്ങളെ വഞ്ചിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇയാള്‍ ആരോപിച്ചു.

ഐഫോണിലെ വോയ്സ് അസിസ്റ്റന്റായ 'സിരി' ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആപ്പിള്‍ കമ്പനി ഹൈന്ദവ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ച് മധ്യപ്രദേശിലെ ഉജ്ജൈനില്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍ രംഗത്ത്. 'അസ്സലാമു അലൈക്കും' എന്ന മുസ്ലിം അഭിവാദ്യത്തിന് സിരി കൃത്യമായി മറുപടി നല്‍കുന്നുണ്ടെന്നും എന്നാല്‍ 'ജയ് ശ്രീറാം' എന്ന് പറയുമ്പോള്‍ പൂര്‍ണ്ണമായി മൗനം പാലിക്കുകയാണെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം. വാര്‍ത്താ സമ്മേളനം വിളിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ലൈവ് ഡെമോണ്‍സ്ട്രേഷന്‍ നടത്തിയാണ് ഇയാള്‍ ആപ്പിളിനെതിരെ ആഞ്ഞടിച്ചത്.

ഉജ്ജൈനിലെയും ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കള്‍ ഐഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ കമ്പനി തങ്ങളെ വഞ്ചിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇയാള്‍ ആരോപിച്ചു. 'ജയ് ശ്രീറാം', 'ജയ് ശ്രീ മഹാകാല്‍' എന്നീ കമാന്‍ഡുകള്‍ നല്‍കിയിട്ടും സിരി പ്രതികരിക്കാതിരുന്നതാണ് ഇയാളെ ചൊടിപ്പിച്ചത്. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്നും കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്ന വലിയൊരു ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഇയാള്‍ അവകാശപ്പെട്ടു. കൂടാതെ, ഐഫോണുകള്‍ ഇന്ത്യയില്‍ ഒരു പദവിയുടെ ഭാഗമായി മാറിയിരിക്കുകയാണെന്നും ഉയര്‍ന്ന വിലയായിരുന്നിട്ടും പലരും വായ്പയെടുത്താണ് ഇവ വാങ്ങുന്നതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ സാങ്കേതികമായി എത്രത്തോളം ശരിയാണെന്നതിനെക്കുറിച്ച് സ്വതന്ത്രമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വോയ്സ് അസിസ്റ്റന്റ് ആപ്ലിക്കേഷനുകള്‍ പ്രാദേശിക ഭാഷാ ശൈലികളും ചില പ്രത്യേക കമാന്‍ഡുകളും തിരിച്ചറിയുന്നതിലുണ്ടാകുന്ന സാങ്കേതിക തടസങ്ങളാണോ ഇതിന് കാരണം എന്നതിലും വ്യക്തതയില്ല. വിവാദവുമായി ബന്ധപ്പെട്ട് ആപ്പിള്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.