എസ്.ഐ.ആറിന് ഉപയോഗിക്കുന്ന ഫോമുകൾ പരിഷ്‍കരിക്കണം ; മുൻ നാവിക സേന മേധാവി 

ജനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി എസ്.ഐ.ആറിൽ ഉപയോഗിക്കുന്ന ഫോമുകൾ തിരഞ്ഞെടുപ്പ് കമീഷൻ പരിഷ്കരിക്കണമെന്ന് മുൻ നാവികസേനാ മേധാവി അഡ്മിറൽ അരുൺ പ്രകാശ്.
 

 ന്യൂഡൽഹി: ജനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി എസ്.ഐ.ആറിൽ ഉപയോഗിക്കുന്ന ഫോമുകൾ തിരഞ്ഞെടുപ്പ് കമീഷൻ പരിഷ്കരിക്കണമെന്ന് മുൻ നാവികസേനാ മേധാവി അഡ്മിറൽ അരുൺ പ്രകാശ്. വിരമിച്ച് ദിവസങ്ങൾക്കുള്ളിൽ ഇത് രണ്ടാംതവണയാണ് അദ്ദേഹം ഇത്തരമൊരു നിർദേശം മുന്നോട്ടുവെക്കുന്നത്.

ഗോവയിൽ എസ്.ഐ.ആർ പരിശോധനയിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ അരുൺ പ്രകാശിനോടും ഭാര്യയോടും വോട്ടർ പട്ടികയിൽ പേര് തിരികെ ചേർക്കുന്നതിന് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തെയും ഭാര്യയെയും കണ്ടെത്താനാകാത്തവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വീർ ചക്ര അവാർഡ് ജേതാവും മുൻ യുദ്ധ വീരനുമായ ഇദ്ദേഹം സേനയിൽ നിന്ന് വിരമിച്ച ശേഷം ഗോവയിലാണ് താമസിക്കുന്നത്.

രാജ്യത്തുടനീളം ഘട്ടംഘട്ടമായി നടക്കുന്ന എസ്.ഐ.ആർ നടപടികൾക്കു പിന്നാലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായ കാര്യം അരുൺ പ്രകാശ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തെര​ഞ്ഞെടുപ്പ് കമീഷനു മുന്നിൽ ഹാജരാകുമെന്നും താനും മറ്റേതൊരു പൗരനെയും പോലെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പ്രതികരിച്ചു. താനും ഭാര്യയും എസ്.ഐ.ആർ ഫോമുകൾ പൂരിപ്പിച്ചതായും അതിനു ശേഷം 2026ലെ ഗോവ ഡ്രാഫ്ററ് ഇലക്ടറൽ റോളിൽ തങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയതായി കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.