സിദ്ധരാമയ്യയും ഡികെ ശിവകുമാറും വീണ്ടും ദില്ലിയ്ക്ക് ; മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചയാകും
ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ ഇനിയും ധാരണയായിട്ടില്ല
ജൂണ്‍ മൂന്നിന് നിശ്ചയിച്ചിട്ടുള്ള ഡികെയുടെ സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഇന്ന് വീണ്ടും ദില്ലിയിലെത്തും. ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ടും മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ടുമുള്ള ചര്‍ച്ചകള്‍ക്കായാണ് ഈ നേതാക്കള്‍ ദില്ലിയിലെത്തുന്നത്. ഇതിനിടെ ജൂണ്‍ മൂന്നിന് നിശ്ചയിച്ചിട്ടുള്ള ഡികെയുടെ സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയുകയും ഡി.കെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തെങ്കിലും ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ ഇനിയും ധാരണയായിട്ടില്ല. ആദ്യഘട്ടത്തില്‍ 4 ഉപമുഖ്യമന്ത്രിമാര്‍ വരെ ഹൈക്കമാന്‍ഡ് ആലോചിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതില്‍ നിന്നും പിന്മാറിയെന്നാണ് സൂചന. തന്റെ അടുത്ത അനുയായി പരമേശ്വരയ്ക്കായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയെ വേണ്ട എന്ന നിലപാടില്‍ ഡികെയും നില്‍ക്കുമ്പോള്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദത്തിലാണ്.ഡി കെയ്‌ക്കൊപ്പം ആരെല്ലാം മന്ത്രിസഭയിലുണ്ടാകുമെന്ന് വൈകാതെ അറിയാം. വൈകിട്ടോടെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.