അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പൂർണ്ണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയാണ്, സർക്കാരിന് ഉത്തരവാദിത്തമില്ല : ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി:അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പൂർണ്ണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും അതിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് യാതൊരുവിധ ഉത്തരവാദിത്തവുമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രസ്റ്റിന്റെ എല്ലാ തീരുമാനങ്ങളും ആന്തരികമായി എടുക്കുന്നതാണെന്നും, അതിനുള്ള പൂർണ്ണ അധികാരം അതിന്റെ സ്ഥിരം ട്രസ്റ്റികൾക്ക് മാത്രമാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷൻ അറിയിച്ചു.
ക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് നീരജ് ശർമ്മ എന്ന വ്യക്തി നൽകിയ വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് സുപ്രധാന വിശദീകരണം പുറത്തുവന്നിരിക്കുന്നത്. 2024-ന്റെ തുടക്കത്തിൽ നീരജ് ശർമ്മ നൽകിയ അപേക്ഷയും തുടർന്ന് സമർപ്പിച്ച അപ്പീലും ആഭ്യന്തര മന്ത്രാലയം നിരസിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി വിശദമായി പരിശോധിച്ച ശേഷം, രാമക്ഷേത്ര ട്രസ്റ്റ് ഒരു പൊതു അധികാരകേന്ദ്രമാണോ അതോ സ്വയംഭരണ സ്ഥാപനമാണോ എന്ന് വ്യക്തമാക്കാൻ ഹൈക്കോടതി വിവരാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടു.
ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിഷയം പരിശോധിച്ച കേന്ദ്ര വിവരാവകാശ കമ്മീഷൻ, സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായ സ്വതന്ത്ര സംഘടനയാണ് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് എന്ന് വ്യക്തമാക്കി. ഈ സ്ഥാപനത്തിന് സംസ്ഥാന സർക്കാരിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നോ യാതൊരുവിധ സാമ്പത്തിക സഹായവും ലഭിക്കുന്നില്ല. കൂടാതെ സർക്കാരുകൾക്ക് ഇതിന്മേൽ ഭരണപരമായ യാതൊരു നിയന്ത്രണവുമില്ല. ഈ കാരണങ്ങളാൽ തന്നെ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിവരാവകാശ നിയമത്തിന്റെ (ആർ.ടി.ഐ) പരിധിയിൽ വരില്ലെന്നും കമ്മീഷൻ തങ്ങളുടെ ഉത്തരവിൽ കൂട്ടിച്ചേർത്തു.