അല്‍പം നാണവും നട്ടെല്ലും കാണിക്കൂ'; യൂസഫ് പഠാനെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

നമ്മുടെ ജില്ലയിലെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തിനാണ് നിങ്ങളെ വിജയിപ്പിച്ചത്. അല്‍പം നാണവും നട്ടെല്ലും കാണിക്കൂ,'

 

'എല്ലാ സ്വാര്‍ത്ഥരും അത്യാഗ്രഹികളുമായ വഞ്ചകരും ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നോളൂ. പക്ഷേ, നിങ്ങളുടെ എംപി സ്ഥാനം രാജി വെച്ചിട്ട് ബിജെപി ടിക്കറ്റില്‍ വീണ്ടും മത്സരിക്കൂ.

എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൃണമൂലിന്റെ വിമത എംപി യൂസഫ് പഠാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ എംപിയും തൃണമൂല്‍ നേതാവുമായ മഹുവ മൊയ്ത്ര. ലോക്സഭയിലെ 28 ടിഎംസി എംപിമാരില്‍ 20 പേര്‍ പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ലോക്സഭയില്‍ പ്രത്യേക ബ്ലോക്കായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ബഹരംപൂര്‍ എംപിയുമായ യുസുഫ് പഠാനും വിമത എംപിമാര്‍ക്കൊപ്പമാണ്.

'അമിത് ഷാ വിളിച്ചതുകൊണ്ട് നിങ്ങള്‍ ദില്ലിയിലേക്ക് ഓടുകയാണോ യുസഫ് പഠാന്‍? അല്‍പം ധൈര്യം കാണിക്കൂ. നിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആളാണ്. നമ്മുടെ ജില്ലയിലെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തിനാണ് നിങ്ങളെ വിജയിപ്പിച്ചത്. അല്‍പം നാണവും നട്ടെല്ലും കാണിക്കൂ,' - മഹുവ മൊയ്ത്ര എക്‌സില്‍ കുറിച്ചു. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഈ എംപിമാരെല്ലാം ജയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലാണ്. ആ ജനവിധി എന്‍ഡിഎയ്ക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്ന് മഹുവ ഓര്‍മ്മിപ്പിച്ചു. 'എല്ലാ സ്വാര്‍ത്ഥരും അത്യാഗ്രഹികളുമായ വഞ്ചകരും ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നോളൂ. പക്ഷേ, നിങ്ങളുടെ എംപി സ്ഥാനം രാജി വെച്ചിട്ട് ബിജെപി ടിക്കറ്റില്‍ വീണ്ടും മത്സരിക്കൂ. നിങ്ങള്‍ എത്ര വലിയ ഹീറോകളാണെന്ന് അപ്പോള്‍ കാണാമല്ലോ,' എന്നും മഹുവ വെല്ലുവിളിച്ചു.

പാര്‍ട്ടി ചീഫ് വിപ്പായിരുന്ന കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് 20 എംപിമാര്‍ മമത ബാനര്‍ജിക്കെതിരെ തിരിഞ്ഞത്. ജനവിധി മാനിച്ചാണ് തങ്ങള്‍ എന്‍ഡിഎയെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.