മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവരാജ് പാട്ടീലിന്റെ മരുമകൾ ബിജെപിയിൽ ചേർന്നു
മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീലിന്റെ മകന്റെ ഭാര്യ അര്‍ച്ചന പാട്ടീല്‍ ചകുര്‍കര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാരീശക്തി വന്ദന്‍ അധിനിയം ഏറെ സ്വാധീനിച്ചുവെന്നും അംഗത്വം സ്വീകരിച്ച ശേഷം അര്‍ച്ചന പറഞ്ഞു.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അര്‍ച്ചന ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. വെള്ളിയാഴ്ച ഫഡ്നാവിസുമായി അര്‍ച്ചന കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉദ്ഗിറിലെ ലൈഫ്കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ചെയര്‍പേഴ്സണ്‍ കൂടിയാണ് അര്‍ച്ചന. ഇവരുടെ ഭര്‍ത്താവ് ശൈലേഷ് പാട്ടീല്‍ ചകുര്‍കര്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.