ശൈഖ് ഹസീനയുടെ മടക്കയാത്ര നടപടികൾ തുടങ്ങി

 

 ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിവരാനുള്ള നീക്കങ്ങൾ സജീവമാക്കി. ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിടുന്ന ഹസീന, പുതിയ പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് എംബസിയെ സമീപിച്ചു. 2024 ആഗസ്റ്റിൽ അധികാരം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷം ആദ്യമായാണ് ഇത്തരമൊരു ഔദ്യോഗിക നീക്കവുമായി അവർ രംഗത്തെത്തുന്നത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാട്രിക്സ് ചേംബേഴ്സിലെ അഭിഭാഷകർ തിങ്കളാഴ്ച ന്യൂഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിലെ ആക്ടിങ് ഹൈക്കമീഷണർ പ്രീതി റഹ്മാന് കത്ത് സമർപ്പിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ സുഗമമാക്കാൻ ആവശ്യമായ യാത്രാരേഖകളും തിരിച്ചറിയൽ രേഖകളും അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഉൾപ്പെടെയുള്ള അധികാരികൾ ഹസീനയുടെ നിലവിലുള്ള പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ടെന്നും അതിനാൽ പുതിയ രേഖകൾ അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് അഭിഭാഷകർ ആവശ്യപ്പെട്ടത്. ബംഗ്ലാദേശ് പൗരയെന്ന നിലയിൽ ഹസീനക്ക് ഈ രേഖകൾ ലഭിക്കാൻ അർഹതയുണ്ടെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടക്കൂടുകൾ പ്രകാരമുള്ള അവകാശങ്ങളും ബാധ്യതകളും പരിഗണിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പുതിയ പാസ്‌പോർട്ടിനും തിരിച്ചറിയൽ കാർഡിനുമുള്ള അപേക്ഷകൾ എത്രയും വേഗം പരിഗണിച്ച് നടപടികൾ പൂർത്തിയാക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന ഹസീനയുടെ നാട്ടിലേക്കുള്ള മടക്കത്തിന് ഈ രേഖകൾ അനിവാര്യമാണെന്നാണ് അവരുടെ നിലപാട്.