ബംഗ്ലാദേശിൽ തീവ്രവാദ-ഭീകരവാദ ശക്തികൾ വീണ്ടും ശക്തിപ്രാപിക്കുകയാണ് ; ശൈഖ് ഹസീന 

ബംഗ്ലാദേശിൽ തീവ്രവാദ-ഭീകരവാദ ശക്തികൾ വീണ്ടും ശക്തിപ്രാപിക്കുകയാണെന്നും രാജ്യം പഴയ കറുത്ത നാളുകളിലേക്ക് മടങ്ങുകയാണെന്നും മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. ബി.എൻ.പി അധികാരത്തിലിരുന്ന 2001-2006 കാലഘട്ടത്തിന് സമാനമായ ഭീതിദമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അവർ കുറ്റപ്പെടുത്തി. ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയ ശേഷം ഇ-മെയിൽ വഴി നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശൈഖ് ഹസീന നിലപാട് വ്യക്തമാക്കിയത്.

 

 ന്യൂഡൽഹി: ബംഗ്ലാദേശിൽ തീവ്രവാദ-ഭീകരവാദ ശക്തികൾ വീണ്ടും ശക്തിപ്രാപിക്കുകയാണെന്നും രാജ്യം പഴയ കറുത്ത നാളുകളിലേക്ക് മടങ്ങുകയാണെന്നും മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. ബി.എൻ.പി അധികാരത്തിലിരുന്ന 2001-2006 കാലഘട്ടത്തിന് സമാനമായ ഭീതിദമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അവർ കുറ്റപ്പെടുത്തി. ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയ ശേഷം ഇ-മെയിൽ വഴി നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശൈഖ് ഹസീന നിലപാട് വ്യക്തമാക്കിയത്.

തനിക്കെതിരെ നിരവധി കേസുകളുണ്ടെങ്കിലും, രാജ്യത്ത് ജനാധിപത്യ അന്തരീക്ഷവും നിയമവാഴ്ചയും പുനഃസ്ഥാപിക്കപ്പെടുന്നതോടെ താൻ വളരെ പെട്ടെന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും ഹസീന പ്രഖ്യാപിച്ചു. 19 തവണ വധശ്രമങ്ങളെ അതിജീവിച്ച തനിക്ക് ഇപ്പോൾ നേരിടുന്ന വെല്ലുവിളികളെ ഭയമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അവാമി ലീഗിനെ നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ താൽക്കാലികം മാത്രമാണ്. തോക്കിൻകുഴലിലൂടെയോ ഭരണാധികാരികളുടെ അനുഗ്രഹത്താലോ ഉണ്ടായ പാർട്ടിയല്ല അവാമി ലീഗ്. പേപ്പറിലെഴുതിയ നിരോധനം കൊണ്ട് ജനകീയ പ്രസ്ഥാനത്തെ അടിച്ചമർത്താനാകില്ലെന്നും അത് നിലവിലെ ഭരണകൂടത്തിന്റെ ഭയമാണ് കാണിക്കുന്നതെന്നും ഹസീന പറഞ്ഞു.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരും നിലവിലെ താരിഖ് റഹ്മാൻ സർക്കാരും ചേർന്ന് ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തു. തങ്ങളുടെ ഭരണകാലത്ത് ജി.ഡി.പിയും പ്രതിശീർഷ വരുമാനവും വർധിപ്പിച്ച സ്ഥാനത്ത്, കഴിഞ്ഞ കുറച്ചുമാസങ്ങളായി രാജ്യം കടുത്ത കടക്കെണിയിലാണ്. വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവ ലഭ്യമല്ലാത്ത അവസ്ഥയിലേക്ക് രാജ്യം കൂപ്പുകുത്തി.

2024 ആഗസ്റ്റ് 5ന് ശേഷം ജയിലിൽ കിടന്നിരുന്ന കുപ്രസിദ്ധ ഭീകരന്മാരെയാണ് ഭരണകൂടം മോചിപ്പിച്ചത്. തീവ്രവാദ പശ്ചാത്തലമുള്ളവർ ഇപ്പോൾ പാർലമെന്റിൽ എത്തിക്കഴിഞ്ഞു. ഈ കറുത്ത നിഴൽ സായുധ സേനയിലേക്കും വ്യാപിക്കുന്നത് പ്രാദേശിക സുരക്ഷക്ക് വലിയ ഭീഷണിയാണ്. ഇന്ത്യ ബംഗ്ലാദേശിന്റെ ചരിത്രപരമായ അയൽക്കാരാണ്. വിമോചന യുദ്ധത്തിൽ ഇന്ത്യ നൽകിയ സംഭാവനകൾ മറക്കാനാവില്ല. എന്നാൽ നിലവിലെ ഭരണകൂടം ഇന്ത്യ വിരുദ്ധ വികാരം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ തനിക്ക് വധശിക്ഷ വിധിച്ചതും അവാമി ലീഗിനെ നിരോധിച്ചതും പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ശൈഖ് ഹസീന ആരോപിച്ചു.