പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ പരിഹസിച്ച് ശശി തരൂർ 

പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ പാകിസ്ഥാൻ സ്വീകരിക്കുന്ന നിലപാടുകളെയും മധ്യസ്ഥ ശ്രമങ്ങളെയും കടുത്ത ഭാഷയിൽ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അമേരിക്കൻ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് പാകിസ്ഥാൻ പ്രവർത്തിക്കുന്നതെന്ന ആരോപണങ്ങൾക്കിടെയാണ് തരൂരിന്റെ പ്രതികരണം. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെച്ചൊല്ലിയുണ്ടായ വിവാദമാണ് തരൂരിന്റെ വിമർശനത്തിന് ആധാരം
 

 ന്യൂഡൽഹി: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ പാകിസ്ഥാൻ സ്വീകരിക്കുന്ന നിലപാടുകളെയും മധ്യസ്ഥ ശ്രമങ്ങളെയും കടുത്ത ഭാഷയിൽ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അമേരിക്കൻ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് പാകിസ്ഥാൻ പ്രവർത്തിക്കുന്നതെന്ന ആരോപണങ്ങൾക്കിടെയാണ് തരൂരിന്റെ പ്രതികരണം. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെച്ചൊല്ലിയുണ്ടായ വിവാദമാണ് തരൂരിന്റെ വിമർശനത്തിന് ആധാരം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളോട് സാമ്യമുള്ള ഷെഹ്ബാസ് ഷെരീഫിന്റെ എക്സ് (ട്വിറ്റർ) പോസ്റ്റിലെ എഡിറ്റ് ഹിസ്റ്ററിയിൽ “ഡ്രാഫ്റ്റ് – പാകിസ്ഥാൻ പ്രധാനമന്ത്രിക്കുള്ള സന്ദേശം” എന്ന് കണ്ടതിനെ തരൂർ ചോദ്യം ചെയ്തു. “പാകിസ്ഥാൻ പ്രധാനമന്ത്രിക്കുവേണ്ടി അമേരിക് ആണോ ട്വീറ്റുകൾ തയ്യാറാക്കുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിക്കുവേണ്ടി ആരെങ്കിലും എഴുതിയാൽ ഇത്തരത്തിൽ ഒരു തലക്കെട്ട് വരുമോ എന്നും അദ്ദേഹം പരിഹസിച്ചു. അമേരിക്കയുമായി പാകിസ്ഥാൻ പുലർത്തുന്ന ബന്ധത്തിന്റെ സ്വഭാവം ഇതിൽ നിന്ന് വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാന്റെ മധ്യസ്ഥതയെ ഇന്ത്യയുടെ നയതന്ത്ര പരാജയമായി ചിലർ കാണുന്നതിനെ തരൂർ തള്ളി. ഇന്ത്യയുടെ താൽപ്പര്യം ഫലപ്രദമായ സമാധാനത്തിലാണ്, അല്ലാതെ ആരാണ് മധ്യസ്ഥത വഹിക്കുന്നത് എന്നതിലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഒരു കോടിയിലധികം ഇന്ത്യക്കാരുടെ സുരക്ഷയും ഊർജ്ജ വിതരണവും ഇന്ത്യയെ സംബന്ധിച്ച് നിർണ്ണായകമാണ്. ഈ യുദ്ധം അവസാനിക്കുന്നത് ആര് വഴിയായാലും അത് ഇന്ത്യയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്ര രംഗത്ത് ചിലപ്പോൾ നിശബ്ദത പാലിക്കുന്നതാണ് ഏറ്റവും വലിയ സംഭാവനയെന്ന് തരൂർ നിരീക്ഷിച്ചു. പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങൾ അവരുടെ അതിർത്തി പങ്കിടുന്ന രാജ്യമായ ഇറാന്റെ സാഹചര്യങ്ങൾ പരിഗണിച്ചാണെന്നും, ഇന്ത്യ ഉത്തരവാദിത്തമുള്ള പങ്കാളിയായി നിലകൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും മേഖലയിലെ നയതന്ത്ര ശൂന്യത അപകടകരമാണെന്നും മറ്റു വഴികളിലൂടെ അത് നമ്മെ ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.