ശരിയായ ചരിത്രം മനസ്സിലാക്കി അത് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് : ശശി തരൂർ
ചരിത്രത്തിൽ യാഥാർഥ്യത്തിന് നിരക്കാത്ത കാര്യങ്ങൾ തിരുകിക്കയറ്റാൻ ശ്രമം നടക്കുന്ന കാലത്ത് ശരിയായ ചരിത്രം മനസ്സിലാക്കുകയും അത് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ശശി തരൂർ എം.പി.
ന്യൂഡൽഹി: ചരിത്രത്തിൽ യാഥാർഥ്യത്തിന് നിരക്കാത്ത കാര്യങ്ങൾ തിരുകിക്കയറ്റാൻ ശ്രമം നടക്കുന്ന കാലത്ത് ശരിയായ ചരിത്രം മനസ്സിലാക്കുകയും അത് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ശശി തരൂർ എം.പി.
‘ഇന്ത്യൻ ചരിത്രം, സമൂഹം, നാഗരികത എന്നിവയിൽ മുസ്ലിംകളുടെ സംഭാവനകൾ’ എന്ന വിഷയത്തിൽ ഇന്ത്യൻ ഹിസ്റ്ററി ഫോറം ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നിർമാണത്തിലും വികാസത്തിലും ഇസ്ലാമും മുസ്ലിംകളും വഹിച്ച മഹത്തായ ചരിത്രപരമായ പങ്ക് അവഗണിക്കാനാവില്ലെന്ന് സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ചരിത്രം എന്നത് വെറും വിവരങ്ങൾ മാത്രമല്ലെന്നും അത് ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു.
ചരിത്രത്തെ വളച്ചൊടിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും നമ്മുടെ പൈതൃകം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മനോജ് കുമാർ ഝാ എം.പി പറഞ്ഞു. ചരിത്രത്തെ മായ്ച്ചുകളയുന്നത് ഒരു ജനതയുടെ സ്വത്വത്തെത്തന്നെ ബാധിക്കുമെന്ന് മുൻ എം.പി മുഹമ്മദ് അദീബ് വ്യക്തമാക്കി. വിവിധ മേഖലകളിൽ മുസ്ലിംകൾ നൽകിയ സംഭാവനകളെക്കുറിച്ച് ചരിത്രകാരന്മാർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിന്തകരും പണ്ഡിതരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.