കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എംവിഎ വിട്ട് അജിത് പവാറുമായി സഖ്യസാധ്യത തേടി ശരദ് പവാര്‍ വിഭാഗം
ഡിസംബര്‍ 30 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
മുംബൈ, പൂനെ എന്നിവയുള്‍പ്പെടെ മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 15 ന് നടക്കും.
അടുത്ത മാസം നടക്കുന്ന പൂനെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കുന്നതിനെച്ചൊല്ലി എന്‍സിപി (എസ്പി)യും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ എന്‍സിപിയും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിമുട്ടി. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളില്‍ മത്സരിക്കാനുള്ള നിര്‍ദ്ദേശം അജിത് പവാര്‍ വിഭാഗം അംഗീകരിക്കാത്തതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. മുംബൈ, പൂനെ എന്നിവയുള്‍പ്പെടെ മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 15 ന് നടക്കും.
ഡിസംബര്‍ 30 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ശരദ് പവാര്‍ വിഭാഗം നേതൃത്വം വെള്ളിയാഴ്ച ഉപമുഖ്യമന്ത്രി അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ലെന്ന് എന്‍സിപി (എസ്പി) മുതിര്‍ന്ന നേതാവ് അങ്കുഷ് കകഡെ പറഞ്ഞു. സഖ്യത്തെക്കുറിച്ച് ഒരു ചര്‍ച്ചയും ഞങ്ങള്‍ക്കിടയില്‍ നടന്നില്ല. എന്‍സിപി (എസ്പി) സ്വന്തം ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സഖ്യം നടന്നാല്‍ അവര്‍ക്ക് അവരുടെ ചിഹ്നത്തില്‍ മത്സരിക്കാമെന്നും അറിയിക്കാനാണ് എത്തിയത്. എന്നാല്‍ നിര്‍ദേശം അവര്‍ അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി ശരദ് പവാര്‍ വിഭാഗം നിലവില്‍ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തോടൊപ്പമാണെന്നും സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ശിവസേന (യുബിടി) എന്നിവരുമായി തുടരാന്‍ പാര്‍ട്ടി താല്‍പ്പര്യപ്പെടുമെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെയും അഭിപ്രായപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം അലാറം ക്ലോക്കും ശരദ് പവാര്‍ വിഭാഗത്തിന്റേത് കാഹളമൂതുന്ന പുരുഷനുമാണ്. രണ്ട് ദിവസം മുമ്പ്, എന്‍സിപിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ, എന്‍സിപി (എസ്പി) സിറ്റി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് ജഗ്താപ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വെള്ളിയാഴ്ച (ഡിസംബര്‍ 26) ജഗ്താപ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.