ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യുഡൽഹി: നിർജലീകരണത്തെ തുടർന്ന് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ വ്യാഴാഴ്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളും പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെയാണ് വിവരം അറിയിച്ചത്.
'ബാബയെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. നിർജലീകരണമാണെന്നാണ് തോന്നുന്നത്' എന്ന് സുപ്രിയ സുലെ എക്സിൽ കുറിച്ചു. 85കാരനായ ശരദ് പവാർ യാത്രകൾ കുറച്ച് വിശ്രമിക്കേണ്ടതുണ്ടെന്ന് സുപ്രിയ സുലെ പറഞ്ഞു. എന്നാൽ ജോലിയോടുള്ള അമിതമായ താൽപര്യം കാരണം അദ്ദേഹം ഇതിന് തയാറാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
"അദ്ദേഹം ജോലിയുടെ തിരക്ക് കുറക്കുകയും യാത്രകൾ പരിമിതപ്പെടുത്തുകയും വേണം. പക്ഷേ ബാബ ഇതൊന്നും കേൾക്കില്ല. ജോലിയെ അദ്ദേഹം അത്രയേറെ ഇഷ്ടപ്പെടുന്നു. എല്ലാവരുടെയും കരുതലിനും ആശംസകൾക്കും നന്ദി," സുപ്രിയ സുലെ എക്സിൽ കുറിച്ചു. നെഞ്ചുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ രണ്ടിന്, ശരദ് പവാറിനെ പുണയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു.
ചുമ അനുഭവപ്പെട്ടതിനെ തുടർന്നാണ് ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സുപ്രിയ സുലെ നേരത്തേ സ്ഥിരീകരിച്ചിരുന്നു.