ഷാരൂഖ് ഖാന്‍ രാജ്യദ്രോഹി ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ബംഗ്ലാദേശ് താരത്തെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വിമര്‍ശനവുമായി ബിജെപി നേതാവ്

 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയായ ഷാരുഖ് ഖാന്‍ ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു

 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ബംഗ്ലാദേശ് താരത്തെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് സംഗീത് ഷാരൂഖിനെതിരെ രംഗത്തെത്തിയത്.

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ ഉത്തര്‍ പ്രദേശ് ബിജെപി നേതാവ് സംഗീത് സോം. ഷാരൂഖ് ഖാന്‍ രാജ്യദ്രോഹിയാണെന്നും ഈ രാജ്യത്ത് ജീവിക്കാന്‍ അര്‍ഹതയില്ലാത്തയാളാണെന്നും സംഗീത് സോം വിമര്‍ശിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ബംഗ്ലാദേശ് താരത്തെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് സംഗീത് ഷാരൂഖിനെതിരെ രംഗത്തെത്തിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയായ ഷാരുഖ് ഖാന്‍ ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഗീത് സോമിന്റെ ഭീഷണി. നമ്മുടെ സഹോദരിമാര്‍ ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുകയാണ്. ഹിന്ദുക്കള്‍ കൊല്ലപ്പെടുകയാണ്. അപ്പോഴാണ് ഷാരൂഖ് മുസ്തഫിസുറിനെ ടീമിലെടുക്കുന്നത്. ഈ രാജ്യത്തെ ജനങ്ങള്‍ കാരണമാണ് താന്‍ ഇങ്ങനെ ഉയരത്തിലെത്തിയത് എന്ന് ഷാരൂഖിനെ പോലുള്ള രാജ്യദ്രോഹികള്‍ ചിന്തിക്കണം എന്നായിരുന്നു സംഗീത് പറഞ്ഞത്.

ബംഗ്ലാദേശി താരങ്ങളെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും സംഗീത് ഭീഷണിപ്പെടുത്തി. ഷാരൂഖിന് ഇവിടെ ജീവിക്കാന്‍ അവകാശമില്ലെന്നും രാജ്യം വിടണമെന്നും സംഗീത് സോമന്‍ പറഞ്ഞു. പിന്നാലെ ഷാരൂഖിനെ വീണ്ടും രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ചു. രാജ്യദ്രോഹികള്‍ക്ക് ഒരു ക്ഷാമവുമില്ലെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാത്ത പക്ഷം അവര്‍ രാജ്യത്തെ അപകീത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നത് തുടരുമെന്നും സംഗീത് പറഞ്ഞു.