സ്ത്രീ സുരക്ഷ പരിശോധിക്കാന്‍ രാത്രി വേഷം മാറി സഞ്ചരിച്ച് മുതിര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ
നഗരത്തിലെ സ്ത്രീ സുരക്ഷ പരിശോധിക്കാന്‍ രാത്രി വേഷം മാറി സഞ്ചരിച്ച് മുതിര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ. സാധാരണ വസ്ത്രം ധരിച്ച് ഒരു ടൂറിസ്റ്റിനെ പോലെ ഓട്ടോറിക്ഷയിലൂടെയായിരുന്നു ഉദ്യോഗസ്ഥയുടെ സഞ്ചാരം. അസിസ്റ്റന്റ് കമ്മീഷണര്‍ സുകന്യ ശര്‍മയാണ് രാത്രി കാലത്തെ സ്ത്രീ സുരക്ഷ പരിശോധിക്കാനിറങ്ങിയത്. എമര്‍ജന്‍സി കോള്‍ നമ്പറായ 112വിലേക്ക് വിളിച്ച് പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു.
ഒരു ടൂറിസ്റ്റിനെ പോലെ വേഷം കെട്ടി ആഗ്ര കാന്ത് റെയില്‍വേ സ്റ്റേഷന്റെ പുറത്ത് നിന്നാണ് സുകന്യ പൊലീസിനെ സഹായത്തിനായി വിളിച്ചത്. രാത്രി വൈകിയതിനാലും വിജനമായ വഴിയായതിനാലും തനിക്ക് പേടിയാകുന്നുവെന്നായിരുന്നു എസിപി പൊലീസില്‍ വിളിച്ച് പറഞ്ഞത്.
അവരോട് സുരക്ഷിതമായ സ്ഥലത്ത് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട ഹെല്‍പ്പലൈന്‍ ഉദ്യോഗസ്ഥന്‍ സുകന്യയുടെ വിവരങ്ങളും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വനിതാ പട്രോള്‍ സംഘത്തിന്റെ ഫോണ്‍ കോള്‍ വരികയും കൊണ്ടുപോകാന്‍ വരുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ താന്‍ എമര്‍ജന്‍സി കോള്‍ സംവിധാനം പരിശോധിക്കുകയായിരുന്നുവെന്ന് സുകന്യ പട്രോള്‍ സംഘത്തോട് വെളിപ്പെടുത്തി.
തുടര്‍ന്നാണ് ഓട്ടോയിലുള്ള യാത്ര ആരംഭിച്ചത്. താനാരാണെന്ന് വെളിപ്പെടുത്താതെ തന്നെ ഓട്ടോ ഡ്രൈവറോട് നഗരത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ആരായുകയും ചെയ്തു. ഓട്ടോ ഡ്രൈവര്‍ എസിപിയെ കൃത്യ സ്ഥലത്ത് സുരക്ഷിതമായി ഇറക്കുകയും ചെയ്തു.