ഹോർമുസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിലുമായി രണ്ടാമത്തെ കപ്പലും മുംബൈയിൽ എത്തി
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ സുപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കറും മുംബൈയിലെത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക വഹിക്കുന്ന സ്മിർണി എന്ന കപ്പലാണ് മുംബൈയിലെത്തിയത്. സൗദി അറേബ്യയിലെ റാസ് തനൂറയിൽ നിന്നാണ് ഈ കപ്പൽ യാത്ര തിരിച്ചത്. തിങ്കളാഴ്ചയോടെ കപ്പലിലെ എണ്ണ മാഹുലിലെ എച്ച്പി സി എൽ റിഫൈനറിയിലേക്ക് മാറ്റിത്തുടങ്ങും.
മുംബൈ : പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ സുപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കറും മുംബൈയിലെത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക വഹിക്കുന്ന സ്മിർണി എന്ന കപ്പലാണ് മുംബൈയിലെത്തിയത്. സൗദി അറേബ്യയിലെ റാസ് തനൂറയിൽ നിന്നാണ് ഈ കപ്പൽ യാത്ര തിരിച്ചത്. തിങ്കളാഴ്ചയോടെ കപ്പലിലെ എണ്ണ മാഹുലിലെ എച്ച്പി സി എൽ റിഫൈനറിയിലേക്ക് മാറ്റിത്തുടങ്ങും.
അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണവ്യാപാരം മുടങ്ങിയിരിക്കുകയാണ്. ഇതിനുശേഷം സുരക്ഷിതമായി ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ മാർച്ച് 11-ന് 'ഷെൻലോംഗ് സൂയസ്‌മാക്‌സ്' എന്ന കപ്പൽ മുംബൈയിലെ ജവഹർ ദ്വീപിൽ എത്തിയിരുന്നു.
ഇതിനിടെ ശനിയാഴ്ച യുഎഇയിലെ ഫുജൈറ ഓയിൽ ടെർമിനൽ ആക്രമിക്കപ്പെട്ടിരുന്നു. ഫുജൈറ തുറമുഖത്തെ പ്രധാന എണ്ണ ടെർമിനലുകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വൻ നാശനഷ്‌ടമുണ്ടായി. പ്രതിരോധസേന തകർത്ത ഡ്രോണിന്റെ അവശിഷ്‌ടങ്ങൾ വീണ് വൻ തീപിടിത്തമുണ്ടായി. എണ്ണ കയറ്റുമതി ഭാഗികമായി തടസ്സപ്പെട്ടു. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലായ ജഗ് ലാഡ്കി യു എ ഇയിലെ ഫുജൈറ സിംഗിൾ പോയിന്റ് മൂറിംഗിൽ അസംസ്കൃത എണ്ണ കയറ്റിക്കൊണ്ടിരിക്കുമ്പോഴാണ്, ഫുജൈറ എണ്ണ ടെർമിനൽ ആക്രമിക്കപ്പെട്ടത്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 24 ഇന്ത്യൻ കപ്പലുകൾ ഗൾഫ് മേഖലയിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ രണ്ട് കപ്പലുകൾ എൽപിജിയുമായി മുന്ദ്ര, കണ്ട്‍ല തുറമുഖങ്ങളിലേക്ക് വരികയാണ്. യുദ്ധസാഹചര്യത്തിൽ ഗൾഫ് മേഖലയിൽ ഏകദേശം 23,000 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 276 പേരെ വിവിധ കമ്പനികൾ ഇതിനകം ഒഴിപ്പിച്ചു.