സർവശിക്ഷാ അഭിയാൻ ഫണ്ട് തർക്കം: കേരളത്തിന് 97.27 കോടി നൽകിയെന്ന് കേന്ദ്രം
ന്യൂഡൽഹി : സർവശിക്ഷാ അഭിയാൻ പ്രകാരം 2025–26 സാമ്പത്തിക വർഷം കേരളത്തിന് 97.27 കോടി രൂപ നൽകിയെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർഥികൾക്കായി വേണ്ടത്ര റിസോഴ്‌സ് അധ്യാപകരെ നിയമിക്കണമെന്ന കോടതി ഉത്തരവ് കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ പാലിക്കാനാകുന്നില്ലെന്ന് കേരളം അറിയിച്ചിരുന്നു. തുടർന്നാണ് കേന്ദ്രം മറുപടി സത്യവാങ്‌മൂലം നൽകിയത്.
കേന്ദ്രത്തിന്റെ അവകാശവാദം രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയിട്ടേ മറുപടി അറിയിക്കാനാകൂ എന്ന് സംസ്ഥാന സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് സമയം ആവശ്യപ്പെട്ടത്. തുടർന്ന് മെയ് അഞ്ചിന് കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ ബെഞ്ച് അറിയിച്ചു.
കേരളം ദേശീയ വിഭ്യാഭ്യാസ നയത്തോടും പിഎം ശ്രീയോടും മുഖംതിരിക്കുകയാണെന്നും സത്യവാങ്‌മൂലത്തിൽ കേന്ദ്രം പറഞ്ഞു. വിഭ്യാഭ്യാസ അവകാശ നിയമം നടപ്പാക്കേണ്ടത് സംസ്ഥാനമാണെന്നും കേന്ദ്രവിഹിതം ലഭിക്കാത്തിനാൽ നിയമനങ്ങൾ നടത്താൻ കഴിയുന്നില്ലെന്ന് വാദിക്കാൻ കഴിയില്ലെന്നുമുള്ള വിചിത്രന്യായവും ഉന്നയിച്ചു. 2025 ഒക്‌ടോബർ 28ന് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് മരവിപ്പിച്ചതായി കേരളം അറിയിച്ചു. ഇൗ ജനുവരിയിൽ പോർട്ടൽ തുറന്നപ്പോഴും കേരളം പ്രതികരിച്ചില്ല –കേന്ദ്രം പറഞ്ഞു.
2024–25ൽ ഒരു രൂപ
നൽകിയില്ല 2024–25 സാന്പത്തിക വർഷം 420.91 കോടി അനുവദിച്ചിട്ടും ഒരു രൂപപോലും കേരളത്തിന് നൽകിയില്ല. രേഖകൾ നൽകാത്തതിലാണ് പണം നൽകാത്തതെന്നാണ് കേന്ദ്രവാദം. തുടർന്ന്, കേരളം സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് 2025–26 സാന്പത്തിക വർഷത്തേക്ക് തുച്ഛമായ തുക അനുവദിക്കാൻ കേന്ദ്രം നിർബന്ധിതരായത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഉടൻ പണം നൽകാമെന്ന ഉറപ്പിൽ കോടതിയുടെ ശക്തമായ നിരീക്ഷണങ്ങളിൽനിന്ന് കേന്ദ്രം തടിയൂരുകയായിരുന്നു. കേന്ദ്രം സാന്പത്തിക വിവേചനം കാട്ടുന്നുവെന്ന് കേരളം ചൂണ്ടിക്കാട്ടിയിരുന്നു.