അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്ത് തർക്കം : ഒത്തുതീർപ്പ് അടിച്ചേൽപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതി 

അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ അമ്മ റാണി കപൂറും ഭാര്യ പ്രിയ സച്ച്‌ദേവ് കപൂറും തമ്മിലുള്ള ഏകദേശം 30,000 കോടി രൂപ മൂല്യം വരുന്ന 'ആർ.കെ. ഫാമിലി ട്രസ്റ്റ്' തർക്കത്തിലെ മധ്യസ്ഥശ്രമങ്ങൾ സുപ്രീംകോടതി അവസാനിപ്പിച്ചു. ഇരുവിഭാഗത്തിനും ഒത്തുതീർപ്പിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.

 

 ന്യൂഡൽഹി : അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ അമ്മ റാണി കപൂറും ഭാര്യ പ്രിയ സച്ച്‌ദേവ് കപൂറും തമ്മിലുള്ള ഏകദേശം 30,000 കോടി രൂപ മൂല്യം വരുന്ന 'ആർ.കെ. ഫാമിലി ട്രസ്റ്റ്' തർക്കത്തിലെ മധ്യസ്ഥശ്രമങ്ങൾ സുപ്രീംകോടതി അവസാനിപ്പിച്ചു. ഇരുവിഭാഗത്തിനും ഒത്തുതീർപ്പിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.

2025 ജൂൺ 12ന് സഞ്ജയ് കപൂർ അന്തരിക്കുന്നതിന് മുൻപ് ചെയർമാനായിരുന്ന വാഹന ഘടക നിർമാണ കമ്പനിയായ 'സോന കോംസ്റ്റാറിലെ' നിർണായക ഓഹരികൾ ഈ ട്രസ്റ്റിന് കീഴിലാണുള്ളത്.

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ ഏകദേശം 15 റൗണ്ട് മധ്യസ്ഥ ചർച്ചകൾ നടന്നെങ്കിലും സമവായത്തിലെത്താനായില്ല. ‘ഒരിക്കലും ഒരു ഒത്തുതീർപ്പ് അടിച്ചേൽപ്പിക്കാൻ കഴിയില്ല’ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസിൽ ഇനി വാദം കേൾക്കുമെന്നും ബെഞ്ച് അറിയിച്ചു.

ട്രസ്റ്റിലെ തന്റെ അവകാശവാദങ്ങൾ ഒത്തുതീർപ്പാക്കാൻ റാണി കപൂർ 6,000 കോടി രൂപ ആവശ്യപ്പെട്ടതായി അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ദവെ കോടതിയിൽ വ്യക്തമാക്കി. ട്രസ്റ്റിന്റെ ആസ്തി മൂല്യം ഏകദേശം 30,000 കോടി രൂപ വരുമെന്നാണ് പ്രിയ കപൂറിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചത്.

ട്രസ്റ്റ് ആസ്തികളിൽ റാണി കപൂറിന്റെ അവകാശവാദത്തെ പ്രിയ കപൂറിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി എതിർത്തു. ട്രസ്റ്റ് ആസ്തികളുടെ 60 ശതമാനത്തിന് പ്രിയക്ക് അർഹതയുണ്ടെന്നും ബാക്കി 40 ശതമാനം സഞ്ജയ് കപൂറിന്റെ മക്കൾക്ക് വീതിക്കണമെന്നും പ്രിയയുടെ മറ്റൊരു അഭിഭാഷകനായ അഭിമന്യു ഭണ്ഡാരി വാദിച്ചു.

നടി കരിഷ്മ കപൂറുമായുള്ള വിവാഹബന്ധത്തിൽ സഞ്ജയ് കപൂറിന് ജനിച്ച മക്കൾക്ക് ട്രസ്റ്റ് ആസ്തിയുടെ 24 മുതൽ 26 ശതമാനം വരെ ഓഹരിക്ക് അർഹതയുണ്ടെന്ന് അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെഠ്മലാനി വ്യക്തമാക്കി.

ആർ.കെ. ഫാമിലി ട്രസ്റ്റ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് റാണി കപൂർ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. സോന ഗ്രൂപ്പ് സ്ഥാപകനായ അന്തരിച്ച ഭർത്താവ് സുരീന്ദർ കപൂറിൽ നിന്ന് തനിക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ തന്റെ പൂർണ്ണ സമ്മതമില്ലാതെ ട്രസ്റ്റിലേക്ക് മാറ്റിയെന്നാണ് റാണി കപൂറിന്റെ ആരോപണം. ഈ ഹരജി തള്ളണമെന്നാണ് പ്രിയയുടെ ആവശ്യം.

ട്രസ്റ്റിന്റെ സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് റാണി കപൂർ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെ ട്രസ്റ്റിന്റെ കാര്യങ്ങളിൽ പ്രിയയും മറ്റ് എതിർകക്ഷികളും ഇടപെടുന്നത് തടയണമെന്ന് മെയ് 14ന് പരിഗണിച്ച മറ്റൊരു അപേക്ഷയിലും അവർ ആവശ്യപ്പെട്ടിരുന്നു.

റാണി കപൂറിന്റെ ഹരജി പരിഗണിക്കവേ ഏപ്രിൽ 27നാണ് സുപ്രീംകോടതി മധ്യസ്ഥ ചർച്ച എന്ന ആശയം മുന്നോട്ടുവെച്ചത്. ഒത്തുതീർപ്പിന് സാധ്യത തേടാൻ കക്ഷികൾ സമ്മതിച്ചതിനെത്തുടർന്ന് മെയ് 7ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഡി.വൈ. ചന്ദ്രചൂഡിനെ മധ്യസ്ഥനായി നിയമിച്ചു.

ആറ് മധ്യസ്ഥ സിറ്റിംഗുകൾക്ക് ശേഷം ആഗസ്റ്റ് 6ന് ജസ്റ്റിസുമാരായ പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ചന്ദ്രചൂഡിന്റെ പ്രാഥമിക റിപ്പോർട്ട് രേഖപ്പെടുത്തുകയും ചർച്ചകൾ തുടരാൻ അനുവദിക്കുകയും നവംബർ 26ലേക്ക് കേസ് മാറ്റിവെക്കുകയും ചെയ്തു.

അപേക്ഷയിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് വ്യാഴാഴ്ച നടന്ന വാദത്തിനിടെ സിദ്ധാർത്ഥ ദവെ ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കുള്ളിൽ ഈ അപേക്ഷയിൽ ഡൽഹി ഹൈകോടതി തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.