സമീർ വാങ്കഡെയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

 

ന്യൂഡൽഹി: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന കേസിൽ, മുംബൈ മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻ.സി.ബി) സമീർ വാങ്കഡെ ചോദ്യം ചെയ്യലിനായി സി.ബി.ഐ മുമ്പാകെ ഹാജറായി. ഇന്ന് രാവിലെ 10.15 ഓടെയാണ് വാങ്കടെ മുംബൈയിലെ സി.ബി.ഐ ഓഫിസിൽ എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജറാവണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ വാങ്കഡെക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം ഹാജറായിരുന്നില്ല.

വാങ്കഡെയ്ക്ക് 22 വരെ അറസ്റ്റ് ചെയ്യുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. എന്നാൽ സി.ബി.ഐ അന്വേഷണത്തിൽ സഹകരിക്കണമെന്നും കോടി ആവശ്യപ്പെട്ടു.

സി.ബി.ഐ കേസിനെതിരേ വെള്ളിയാഴ്ച ഖാൻ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഷാരൂഖ് ഖാനുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റും വാങ്കഡെ കോടതിയിൽ ഹാജരാക്കിയിരുന്നു. എൻ.സി.ബി ഡപ്യൂട്ടി ഡയറക്ടർ ജ്ഞാനേശ്വർ സിങ്ങാണ് ആരോപണങ്ങൾക്കു പിന്നിലെന്നു ചൂണ്ടിക്കാട്ടിയാണ് മുംബൈ മേഖലാ മുൻ ഡയറക്ടർ കൂടിയായ വാങ്കഡെ കോടതിയെ സമീപിച്ചത്. എന്നാൽ വാങ്കഡെ മുംബൈയിൽ നാലു ഫ്ലാറ്റുകളടക്കം നിരവധി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി എൻ.സി.ബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.