ലോകമെമ്പാടുമുള്ള യുദ്ധങ്ങളും സംഘർഷങ്ങളും പിഞ്ചുകുട്ടികളെ പോലും ഭയപ്പെടുത്തുന്നു : സെയ്ഫ് അലി ഖാൻ
ലോകമെമ്പാടുമുള്ള യുദ്ധങ്ങളും സംഘർഷങ്ങളും പിഞ്ചുകുട്ടികളിൽ പോലും സൃഷ്ടിക്കുന്ന ഭയവും ആശങ്കകളും തുറന്നുപറഞ്ഞ് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജമ്മു കശ്മീറിലെ ഉറിയിൽ സൈനികരെ സന്ദർശിക്കവെയാണ്, തന്റെ മക്കളായ തൈമൂർ അലി ഖാനും ജെഹാങ്കിർ അലി ഖാനും ലോകത്തെ യുദ്ധങ്ങളെക്കുറിച്ചും സ്വന്തം സുരക്ഷയെക്കുറിച്ചും താരം സംസാരിച്ചത്.
‘ഇപ്പോൾ ലോകത്ത് നടക്കിക്കൊണ്ടിരിക്കുന്ന നിരവധി യുദ്ധങ്ങളെക്കുറിച്ച് എന്റെ കുട്ടികൾ എന്നോട് ചോദിക്കാറുണ്ട്. അവർക്ക് ഭയവുമുണ്ട്. 'ആരാണ് നമ്മളെ നോക്കുന്നത്? അടുത്തത് എന്ത് സംഭവിക്കും? സ്ഥിതി കൂടുതൽ വഷളാകുമോ?' എന്ന് അവർ ചോദിക്കുന്നു. ഞാൻ അവരോട് പറയും, 'സൈന്യമാണ് നമ്മെ സംരക്ഷിക്കുന്നത്' എന്ന്. അവരും സൈന്യത്തിന് സല്യൂട്ട് അർപ്പിക്കുന്നുണ്ട്. നമുക്കെല്ലാവർക്കും നിങ്ങളെക്കുറിച്ച് വലിയ അഭിമാനമുണ്ട്’ സെയ്ഫ് അലി ഖാൻ പറഞ്ഞു.
കശ്മീരിനെ കുറിച്ചും താരം പറഞ്ഞു. ‘കശ്മീർ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണെങ്കിലും അത് അൽപ്പം സെൻസിറ്റീവ് ആയ ഒരു മേഖലയാണ്. ഇത് പൂർണ്ണമായും വിനോദസഞ്ചാരത്തിനായി തുറന്നിട്ടില്ലാത്തത് അൽപ്പം സങ്കടകരമായ കാര്യമാണ്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കൂടുതൽ സ്വതന്ത്രമായും സൗകര്യപ്രദമായും ഈ പ്രദേശത്തേക്ക് വരാൻ കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും സെയ്ഫ് പറഞ്ഞു.
മതപരമായ കാര്യങ്ങളെക്കുറിച്ച് മക്കളുമായി സംസാരിക്കാൻ തനിക്ക് വലിയ ഇഷ്ടമാണെന്ന് സെയ്ഫ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. താൻ തീവ്രമായ മതവിശ്വാസിയല്ലെന്ന് തുറന്നുസമ്മതിച്ച താരം, തന്റെ മാതാവ് തനിക്ക് നൽകിയ അതേ പാഠങ്ങളാണ് താനും മക്കൾക്ക് പകർന്നുനൽകുന്നതെന്ന് വ്യക്തമാക്കി. 'വിഷയം വളരെ ലളിതമാണ്. നിങ്ങൾ ദൈവത്തെ വിവിധ സ്ഥലങ്ങളിൽ ആരാധിക്കുന്നു. ഒരു മതം മറ്റുള്ള മനുഷ്യരോട് സ്നേഹവും ക്ഷമയും കാണിക്കാൻ പഠിപ്പിക്കുന്നുണ്ടെങ്കിൽ അത് മതിയാകും,' സെയ്ഫ് കൂട്ടിച്ചേർത്തു.
ഒമ്പത് വയസ്സുകാരനായ തൈമൂറുമായി അടുത്തിടെ നടന്ന ഒരു സംഭാഷണത്തെക്കുറിച്ചും സെയ്ഫ് ആവേശത്തോടെ വിവരിച്ചു. മതവും രീതിശാസ്ത്രവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് തൈമൂറിനോട് ചോദിച്ചപ്പോൾ, 'മതത്തിൽ നമ്മൾ പ്രാർത്ഥിക്കുന്നു, രീതിശാസ്ത്രത്തിൽ പ്രാർത്ഥിക്കുന്നില്ല' എന്നായിരുന്നു കുട്ടിയുടെ മറുപടി. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സെയ്ഫ് പറഞ്ഞു. താൻ വളർന്നുവന്ന അതേ തുറന്ന മനോഭാവത്തോടെയാണ് തന്റെ ഭാര്യ കരീനയും മക്കളെ വളർത്തുന്നതെന്നും, ഇതൊരു ആത്മീയമായ സമീപനമായാണ് തങ്ങൾ കാണുന്നതെന്നും സെയ്ഫ് അലി ഖാൻ പറഞ്ഞു.