സെയ്ഫ് അലിഖാനെ കുത്തിയ കേസ്; പ്രതി പിടിയില്‍

പുലര്‍ച്ചെ മഹാരാഷ്ട്രയിലെ താനെയില്‍വെച്ചാണ് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തത്.

 

സെയ്ഫ് അലി ഖാന്റെ വസതിയില്‍ നിന്നും 35 കിലോ മീറ്റര്‍ മാത്രം അകലെ ഹിരാനന്ദാനി എസ്റ്റേറ്റിനടുത്ത് വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടന്‍ സെയ്ഫ് അലി ഖാനെ വസതിയില്‍ വെച്ച് കുത്തിയ കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ മഹാരാഷ്ട്രയിലെ താനെയില്‍വെച്ചാണ് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് അലിയാന്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സെയ്ഫ് അലി ഖാന്റെ വസതിയില്‍ നിന്നും 35 കിലോ മീറ്റര്‍ മാത്രം അകലെ ഹിരാനന്ദാനി എസ്റ്റേറ്റിനടുത്ത് വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


വിജയ് ദാസ് എന്നായിരുന്നു ആദ്യം ഇയാള്‍ പേര് പറഞ്ഞത്. താനെയില്‍ ബാര്‍ ജീവനക്കാരനാണ് ഇദ്ദേഹം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റൊരു പ്രതിയെ ഛത്തീസ്ഗഢില്‍ നിന്നുമാണ് മുംബൈ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകുന്നേരം ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും റെയില്‍വേ പൊലീസാണ് പിടികൂടിയത്. ബാന്ദ്രയില്‍ സെയ്ഫ് അലി ഖാന്റെ അപാര്‍ട്മെന്റ് കെട്ടിടത്തില്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞയാളാണിതെന്നാണ് വിവരം.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ വീട്ടുജോലിക്കാരിയെ അക്രമി ആദ്യം കുത്തി. ഇവരുടെ നിലവിളി കേട്ട് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുകയും സംഘട്ടത്തിനിടെ അക്രമി സെയ്ഫിനെ കുത്തുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ ഫയര്‍ എസ്‌കേപ്പ് പടികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.