സുരക്ഷയാണ് പ്രധാനം..!  എല്ലാ സ്ഥലങ്ങളിലെയും പ്രാര്‍ഥന നടത്തുക എന്നത് മതപരമായ അവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതി

മതാചാരങ്ങളേക്കാള്‍ പ്രാധാന്യം സുരക്ഷയ്ക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി 

 

 മുംബൈ:  മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാര്‍ ഒരുക്കിയ താത്കാലിക നിസ്‌കാര ഷെഡ് പൊളിച്ച നടപടിക്കെതിരായ ഹര്‍ജി മുംബൈ ഹൈക്കോടതി പരിഗണിച്ചു. എല്ലാ സ്ഥലങ്ങളിലെയും പ്രാര്‍ഥന നടത്തുക എന്നത് മതപരമായ അവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് കേസ്  പരിഗണിക്കവെ കോടതിയുടെ പ്രതികരണം. മതാചാരങ്ങളേക്കാള്‍ പ്രാധാന്യം സുരക്ഷയ്ക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി 

റംസാന്‍ വ്രതം ഇസ്ലാം മതത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന ഒരു വിമാനത്താവളത്തിന് സമീപം പ്രാര്‍ഥന അനുവദിക്കാന്‍ മതപരമായ അവകാശപ്പെടാന്‍ സാധിക്കില്ലെന്നാണ് ജസ്റ്റിസുമാരായ ബി പി കൊളബവല്ല, ഫിര്‍ദോഷ് പൂനിവല്ല എന്നിവരടങ്ങിയ ബെഞ്ചിന്റെ നരീക്ഷണം. ഹര്‍ജിക്കാര്‍ മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. വിമാനത്താവളത്തിന് ഒരു കിലോമീറ്ററിനുള്ളില്‍ ഒരു മദ്രസ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മതമോ സുരക്ഷയോ എന്ന് പരിശോധിച്ചാല്‍ ആദ്യം വരുന്നത് സുരക്ഷയാണ്. എല്ലാവരും അവരുടെ മതം പരിഗണിക്കാതെ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നു. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് ബെഞ്ച് വ്യക്തമാക്കി.