'ത്യാഗങ്ങള്‍ ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല'; 'മിസ' വിവാദത്തില്‍ വികാരാധീനനായി സ്റ്റാലിന്‍

ടിവികെ സര്‍ക്കാരിന്റെ ഭരണം തമിഴ്‌നാടിനെ 25 വര്‍ഷം പിന്നോട്ടടിച്ചതായും സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.

 

മുഖ്യമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിനെതിരേയും സ്റ്റാലിന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു.

മിസ നിയമപ്രകാരം തന്നെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമര്‍ശങ്ങളില്‍ വികാരധീനനായി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. ഡിഎംകെ ആസ്ഥാനത്ത് സംഘടിപ്പിച്ച 'മുപ്പെറും വിഴ' പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് സ്റ്റാലിന്‍ വിജയ്ക്ക് മറുപടി നല്‍കിയത്. മിസയിലെ അറസ്റ്റ് തനിക്ക് ഒരിടത്തും തെളിയിക്കേണ്ടതില്ല. തന്റെ ത്യാഗങ്ങള്‍ ആരെയും ബോധ്യപ്പെടുത്തേണ്ടതുമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാതാകുമ്പോള്‍ വിജയ് ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇത്തരം പരാമര്‍ശങ്ങളെന്നും സ്റ്റാലിന്‍ പറഞ്ഞു.

ടിവികെ സര്‍ക്കാരിന്റെ ഭരണം തമിഴ്‌നാടിനെ 25 വര്‍ഷം പിന്നോട്ടടിച്ചതായും സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. പരന്തൂര്‍ വിമാനത്താവള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. തമിഴ്‌നാട് കുറ്റവാളികളുടെ താവളമായി മാറുകയാണ്. വൈദ്യുതമുടക്കത്തിനും അരിവാള്‍ ആക്രമണങ്ങള്‍ക്കും ഇടയില്‍ ഉഴലുന്ന സര്‍ക്കാരായി വിജയ് സര്‍ക്കാര്‍ മാറിയെന്നും സ്റ്റാലിന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിനെതിരേയും സ്റ്റാലിന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. പണ്ട് ലോക്കല്‍ ഷൂട്ടിങ്ങായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഫോറിന്‍ ഷൂട്ടിങ്ങായി. എന്തിനാണ് വിജയ് ലണ്ടനില്‍ പോയത്? ഇന്ത്യന്‍ കമ്പനിയുമായി കരാറില്‍ ഒപ്പിടാന്‍ ലണ്ടന്‍ വരെ പോകണോ? അഭിനയം നിര്‍ത്തിയെന്നാണ് വിജയ് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം റീല്‍സിനായി അഭിനയിക്കുകയാണെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.

സെപ്റ്റംബര്‍ ആദ്യവാരം നടന്ന നിയമസഭാ സമ്മേളനത്തിനിടെ സ്റ്റാലിനെ പരിഹസിക്കുന്നരീതിയില്‍ വിജയ് പരാമര്‍ശം നടത്തിയത്. മിസ നിയമം കണ്ടവരാണ് തങ്ങളെന്നാണ് നമ്മുടെ സുഹൃത്തുക്കള്‍ എപ്പോഴും പറയുന്നതെന്നും എന്നാല്‍ എല്ലാവര്‍ക്കും മിസയുടെ ചരിത്രം അറിയാമെന്നുമായിരുന്നു വിജയ് പറഞ്ഞത്. ഈ സമയം സ്റ്റാലിന്റെ പരിഹസിക്കുന്ന രീതിയില്‍ വലതുകൈ താടിയെല്ലിനോട് ചേര്‍ത്തുപിടിക്കുകയുംചെയ്തിരുന്നു. മിസ നിയമപ്രകാരം തടവ് അനുഭവിക്കുന്നതിനിടെ ക്രൂരമര്‍ദനമേറ്റ് തന്റെ താടിയെല്ല് ഒടിഞ്ഞതായി സ്റ്റാലിന്‍ പലതവണ പറഞ്ഞിട്ടുണ്ട്. ഇതിനെ പരിഹസിക്കാനായാണ് വിജയ് ഇത്തരത്തില്‍ ആംഗ്യം കാണിച്ചതെന്നായിരുന്നു ആക്ഷേപം.