ബംഗ്ലാദേശ് ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കൂടികാഴ്ചയെ വിലയിരുത്തുന്നത്.
ന്യൂഡൽഹി: ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കൂടികാഴ്ചയെ വിലയിരുത്തുന്നത്.
2025 മെയിൽ ചുമതലയേറ്റ ശേഷം ആദ്യമായാണ് ഹമീദുല്ല ഒരു മുതിർന്ന ക്യാബിനറ്റ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. `ഇന്ത‍്യൻ വിദേശകാര്യ മന്ത്രിയെ സന്ദർശിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഇന്ത്യയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള ബംഗ്ലാദേശിന്റെ സന്നദ്ധത അറിയിച്ചു' കൂടിക്കാഴ്ചയ്ക്ക് ശേഷം റിയാസ് ഹമീദുല്ല എക്സിൽ കുറിച്ചു.
അതേ സമയം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചതെന്ന് എസ്. ജയശങ്കറും സമൂഹമാധ‍്യമത്തിൽ കുറിച്ചു.മൗറീഷ്യസിൽ നടക്കുന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനോടനുബന്ധിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാൻ ഏപ്രിൽ രണ്ടാം വാരത്തിൽ ഇന്ത്യ സന്ദർശിച്ചേക്കും.
ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പൂർവ്വ വിദ്യാർഥിയായ ഖലീലുർ റഹ്മാന് ഇന്ത്യയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന അദ്ദേഹം കഴിഞ്ഞ വർഷം നവംബറിലും ഇന്ത്യ സന്ദർശിച്ചിരുന്നു.
ഫെബ്രുവരിയിൽ താരിഖ് റഹ്മാൻ അധികാരം ഏറ്റപ്പോൾ അദ്ദേഹത്തെ അഭിനന്ദിച്ച ആദ്യ നേതാവായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. താരിഖ് റഹ്മാനെ ഡൽഹി സന്ദർശിക്കാൻ മോദി ഇതിനോടകം ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രി മോദിയുടെ ക്ഷണക്കത്ത് നേരിട്ട് കൈമാറുകയും ചെയ്തിരുന്നു.