തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിലേക്ക് ഇന്ധനമെത്തിച്ച് റഷ്യ
Dec 6, 2025, 12:25 IST
ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിലെ മൂന്നാമത്തെ റിയാക്ടറിനായി ആദ്യഘട്ട ആണവ ഇന്ധനമെത്തിച്ചതായി റഷ്യൻ ആണവ കോർപറേഷൻ റോസാറ്റം അറിയിച്ചു. പ്രസിഡന്റ് വ്ലാദിമിർ പുടിൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തിയതിനോട് അനുബന്ധിച്ചാണ് ആണവ ഇന്ധന വിതരണം. നോവോസിബിർസ്ക് കെമിക്കൽ കോൺസെൻട്രേറ്റ്സ് പ്ലാന്റ് നിർമിച്ചതാണ് ആണവ ഇന്ധനവുമായി ബന്ധപ്പെട്ട സാമഗ്രികൾ.
2024ൽ ഒപ്പുവെച്ച കരാർ പ്രകാരം ആകെ ഏഴ് വിമാനങ്ങളിലാണ് ഇന്ധനമെത്തിക്കുക. കൂടംകുളം പ്ലാന്റിൽ ആറ് റിയാക്ടറുകൾ സ്ഥാപിക്കും. ആകെ 6,000 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. കൂടംകുളത്തെ ആദ്യത്തെ രണ്ട് റിയാക്ടറുകൾ 2013ലും 2016ലും ഇന്ത്യയുടെ പവർ ഗ്രിഡുമായി ബന്ധിപ്പിച്ചിരുന്നു. മറ്റ് നാല് റിയാക്ടറുകൾ നിർമാണത്തിലാണ്.