പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പ്രതിസന്ധിയിലായ എയര്‍ലൈന്‍ കമ്പനി ഉള്‍പ്പെടെ മേഖലകള്‍ക്ക് 18,100 കോടിയുടെ വമ്പന്‍ വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പ്രതിസന്ധിയിലായ എയര്‍ലൈന്‍ കമ്പനി ഉള്‍പ്പെടെ മേഖലകള്‍ക്ക് 18,100 കോടിയുടെ വമ്പന്‍ വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
5,000 കോടി രൂപ എയര്‍ലൈന്‍ മേഖലയ്ക്കായി നീക്കിവെച്ചിട്ടുണ്ട്.
ഈ പദ്ധതിയിലൂടെ മൊത്തം 2.55 ലക്ഷം കോടി രൂപയുടെ വായ്പാ പ്രവാഹമാണ് വിപണിയില്‍ ലക്ഷ്യമിടുന്നത്
പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ ഇന്ത്യയിലെ വ്യവസായ മേഖലയിലുണ്ടാക്കിയ ആഘാതം മറികടക്കാന്‍ ബൃഹത്തായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 18,100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 'എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം 5.0' (ECLGS 5.0) വഴി ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും എയര്‍ലൈന്‍ കമ്പനികള്‍ക്കും അധിക വായ്പാ സൗകര്യം ലഭ്യമാക്കും. ഈ പദ്ധതിയിലൂടെ മൊത്തം 2.55 ലക്ഷം കോടി രൂപയുടെ വായ്പാ പ്രവാഹമാണ് വിപണിയില്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 5,000 കോടി രൂപ എയര്‍ലൈന്‍ മേഖലയ്ക്കായി നീക്കിവെച്ചിട്ടുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും സാമ്പത്തിക സമ്മര്‍ദ്ദവും നേരിടുന്ന ബിസിനസ്സുകളെ സംരക്ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പുതിയ പദ്ധതി പ്രകാരം, പാസഞ്ചര്‍ എയര്‍ലൈനുകള്‍ക്ക് അവരുടെ പരമാവധി വായ്പയുടെ 100 ശതമാനം വരെ (1,500 കോടി രൂപ വരെ) വായ്പയ്ക്ക് അര്‍ഹതയുണ്ടാകും. മറ്റു സ്ഥാപനങ്ങള്‍ക്ക് 100 കോടി രൂപ വരെ പ്രവര്‍ത്തന മൂലധനമായി ലഭ്യമാകും. ബിസിനസ്സുകള്‍ തകരാതിരിക്കാനും തൊഴില്‍ നഷ്ടം ഒഴിവാക്കാനും ഈ ലിക്വിഡിറ്റി സഹായം ഉപകരിക്കുമെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.