ചെളി വെള്ളം കടക്കാന്‍ ദളിത് യുവാവിന്റെ തോളിലേറി ആര്‍ജെഡി എംഎല്‍എ; വ്യാപക വിമര്‍ശനം

സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ ജനപ്രതിനിധികള്‍ മനസ്സിലാക്കണമെന്ന് ബിഎസ്പി വിമര്‍ശിച്ചു.

 

എംഎല്‍എയുടെ മാനസികാവസ്ഥയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നാണ് വിമര്‍ശനം.

ജാര്‍ഖണ്ഡില്‍ ദളിത് യുവാവിന്റെ തോളിലേറി ആര്‍ജെഡി എംഎല്‍എ നരേഷ് പ്രസാദ് സിങ് എംഎല്‍എ പുഴ കടന്ന സംഭവത്തില്‍ വിമര്‍ശനം. ബിഎസ്പി, ബിജെപി അടക്കമുള്ളവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. എംഎല്‍എയുടെ മാനസികാവസ്ഥയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നാണ് വിമര്‍ശനം. സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ ജനപ്രതിനിധികള്‍ മനസ്സിലാക്കണമെന്ന് ബിഎസ്പി വിമര്‍ശിച്ചു.


പുഴയ്ക്ക് കുറുകെ പാലം നിര്‍മ്മിക്കണമെന്നത് ദീര്‍ഘകാലമായി ഗ്രാമവാസികള്‍ ആവശ്യപ്പെടുന്നതിന്റെ ഇടയിലാണ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ജനപ്രതിനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും വിമര്‍ശനമുണ്ട്. ഭരണകക്ഷിയായ ആര്‍ജെഡിക്ക് ഒരു പാലം പോലും നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ലെന്ന് ബിജെപിയും ആരോപിച്ചു. എംഎല്‍എ ഒരു പണിയും എടുക്കാതെ ആളുകളുടെ തോളില്‍ കയറി നടക്കുകയാണെന്നും പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ കുറ്റപ്പെടുത്തി.


കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡിലെ ആര്‍ജെഡി എംഎല്‍എ നരേഷ് പ്രസാദ് സിങ് ദളിത് യുവാവിന്റെ തോളിലേറി പുഴ കടക്കാന്‍ ശ്രമിച്ചത്. ബിശ്രാംപൂര്‍ മണ്ഡലത്തിലെ സന്ദര്‍ശനത്തിനിടെയാണ് വിചിത്രമായ സംഭവം നടന്നത്. നടന്ന് പോകാന്‍ മാത്രമുള്ള വെള്ളം കടക്കാനായി എംഎല്‍എ യുവാവിന്റെ തോളിലേറുകായിരുന്നു. തുടര്‍ന്ന് പുഴയുടെ മധ്യഭാഗത്ത് എത്തിയപ്പോള്‍ യുവാവിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് ഇരുവരും വെള്ളത്തില്‍ വീഴുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.