'ഡിജിറ്റൽ അറസ്റ്റ്' കെണിയിൽ വീണ് റിട്ട. ജഡ്ജി ; നഷ്ടമായത് ഒരുകോടിയിലേറെ രൂപ!

  'ഡിജിറ്റൽ അറസ്റ്റ്' കെണിയിൽ വീണ്  റിട്ട. ജില്ല ജഡ്ജി. ഹൈദരാബാദിലെ മൽക്കാജ്ഗിരി സ്വദേശിയായ 69-കാരനാണ് സൈബർ തട്ടിപ്പുകാരുടെ ഭീഷണിയിൽപ്പെട്ട് ഒരുകോടിയിലധികം രൂപ നഷ്ടപ്പെടുത്തിയത്. നിയമരംഗത്ത് വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഒരാൾ ഇത്തരം തട്ടിപ്പിൽ ഇരയായത് വലിയ ചർച്ചയായിരിക്കുകയാണ്.
 

 ഹൈദരാബാദ്:  'ഡിജിറ്റൽ അറസ്റ്റ്' കെണിയിൽ വീണ്  റിട്ട. ജില്ല ജഡ്ജി. ഹൈദരാബാദിലെ മൽക്കാജ്ഗിരി സ്വദേശിയായ 69-കാരനാണ് സൈബർ തട്ടിപ്പുകാരുടെ ഭീഷണിയിൽപ്പെട്ട് ഒരുകോടിയിലധികം രൂപ നഷ്ടപ്പെടുത്തിയത്. നിയമരംഗത്ത് വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഒരാൾ ഇത്തരം തട്ടിപ്പിൽ ഇരയായത് വലിയ ചർച്ചയായിരിക്കുകയാണ്.

ഏകദേശം ഒരാഴ്ച മുമ്പാണ് തട്ടിപ്പുകാർ മുൻ ജഡ്ജിയെ ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ സ്ത്രീക്കടത്തടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും, ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ഇവർ ഭീഷണിപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വിഡിയോ കോളിലെത്തിയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ 'ഡിജിറ്റൽ അറസ്റ്റിൽ' പാർപ്പിച്ചത്. നിയമനടപടികളിൽനിന്ന് രക്ഷപ്പെടാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടതോടെ, ഭയന്നുപോയ ഇദ്ദേഹം ഘട്ടംഘട്ടമായി ഒരുകോടി രൂപയിലധികം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയായിരുന്നു.

ജഡ്ജിയായിരുന്നിട്ടും എങ്ങനെയാണ് ഇത്രയും വലിയ തട്ടിപ്പിൽ അദ്ദേഹം വീണുപോയതെന്ന ചോദ്യത്തിന്, തട്ടിപ്പുകാർ ഉപയോഗിക്കുന്ന മാനസിക സമ്മർദമാണ് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. നിയമപാലകരായി അഭിനയിക്കുന്ന ക്രിമിനലുകൾ ഇരകളെ അങ്ങേയറ്റം സമ്മർദത്തിലാക്കുകയും പെട്ടെന്ന് തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. പണം നൽകിയതിന് ശേഷം മാത്രമാണ് താൻ വഞ്ചിക്കപ്പെട്ടതായി അദ്ദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.