മണിക് സാഹയെ കാത്തിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തങ്ങൾ

 

ഗവർണർ എസ്.എൻ. ആര്യക്ക് മുന്നിൽ ബിപ്ലബ് ദേബ് രാജി സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ ബി.ജെ.പി. ഭരണത്തിലുള്ള വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി സംസ്ഥാന ഘടകം പ്രസിഡന്റ് ഡോ. മണിക് സാഹ (Manik Saha) തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ത്രിപുരയിലെ ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്നു ബിപ്ലബ് ദേബ്. 2023 ലെ അടുത്ത തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ കൊണ്ടുപോകാനുള്ള ചുമതല ഇപ്പോൾ രാജ്യസഭാ എംപിയും, ത്രിപുര നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നേരിടാൻ കേവലം ആറ് മാസം മാത്രം ശേഷിക്കുന്നതുമായ സാഹയുടെ മേൽ വീണിരിക്കുന്നു. ഞായറാഴ്ച രാവിലെ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

69-കാരനായ സാഹ 2016-ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. 25 വർഷത്തെ ഇടതു ഭരണം അവസാനിപ്പിച്ച 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അഭൂതപൂർവമായ വിജയത്തെ തുടർന്ന് മുഖ്യമന്ത്രിയായ ബിപ്ലബ് കുമാർ ദേബിന് പകരം 2020-ൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി അദ്ദേഹം മാറിയിരുന്നു.

ഒരു ഡെന്റൽ സർജനായ സാഹ, പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യനാണ് എന്നതും ശ്രദ്ധേയം. കോൺഗ്രസിൽ നിന്ന് പോയെങ്കിലും ബൂത്ത് മാനേജ്‌മെന്റ് വൈദഗ്ധ്യത്തിന് പേരുകേട്ട അദ്ദേഹത്തിന് പാർട്ടി അണികളുടെ ഇടയിൽ വലിയ സ്വീകാര്യതയുണ്ട്.

ത്രിപുര മെഡിക്കൽ കോളേജ്, അഗർത്തലയിലെ ബി.ആർ. അംബേദ്കർ മെമ്മോറിയൽ ടീച്ചിംഗ് ഹോസ്പിറ്റൽ എന്നിവയുടെ പ്രൊഫസറും ഡിപ്പാർട്ട്‌മെന്റ് മേധാവിയും കൂടിയാണ് സാഹ. ഇപ്പോൾ ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.