രക്ഷാപ്രവർത്തനം വിഫലം: ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരന്  ദാരുണാന്ത്യം 

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരൻ മരിച്ചു. ഉജ്ജയിനിലെ ജലാരിയ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് രാജസ്ഥാനിൽ നിന്നുള്ള നാടോടി കുടുംബത്തിലെ കുട്ടി ഭാഗീരഥ്  അപകടത്തിൽപ്പെട്ടത്. ആടുമേയ്ക്കുന്ന കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഭാഗീരഥ്.

 


ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരൻ മരിച്ചു. ഉജ്ജയിനിലെ ജലാരിയ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് രാജസ്ഥാനിൽ നിന്നുള്ള നാടോടി കുടുംബത്തിലെ കുട്ടി ഭാഗീരഥ്  അപകടത്തിൽപ്പെട്ടത്. ആടുമേയ്ക്കുന്ന കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഭാഗീരഥ്.

ഏതാണ്ട് 23 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുക്കാനായെങ്കിലും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ബദ്‌നഗർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തി. മരിച്ച കുട്ടിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

രാജസ്ഥാനിലെ പാലിയിൽ നിന്നും അഞ്ച് ദിവസം മുൻപാണ് പ്രവീൺ ദേവസിയും കുടുംബവും ആടുമേയ്ക്കാനായി ഉജ്ജയിനിൽ എത്തിയത്. മാതാപിതാക്കൾക്കൊപ്പം വയലിൽ നിൽക്കുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന ഭാഗീരഥ്, അശ്രദ്ധമായി തുറന്നിട്ടിരുന്ന കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു.

രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ബദ്‌നഗർ പൊലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു. കുട്ടിക്ക് ശ്വാസം തടസ്സപ്പെടാതിരിക്കാൻ പൈപ്പുകൾ വഴി കിണറിനുള്ളിലേക്ക് ഓക്സിജൻ പമ്പ് ചെയ്തിരുന്നു.

സംസ്ഥാന ദുരന്തനിവാരണ സേന (SDRF)യും രക്ഷാ പ്രവർത്തനത്തിൽ ഭാ​ഗമായിരുന്നു. ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ കൃത്യമായി മൂടിവെക്കാത്തത് മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ അപകടങ്ങൾ ആവർത്തിക്കുകയാണ്. ഇത്തരം അശ്രദ്ധകൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നുണ്ട്.