കേന്ദ്ര മന്ത്രിസഭയില്‍ രണ്ടാഴ്ചയ്ക്കകം അഴിച്ചുപണി ? പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകള്‍ മാറുമെന്നും അഞ്ചുപേര്‍ പുറത്താകുമെന്നും റിപ്പോര്‍ട്ട്

കേന്ദ്ര മന്ത്രിസഭയില്‍ അടിമുടി മാറ്റത്തിനൊരുങ്ങുന്നതായി സൂചന. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകള്‍ മാറുമെന്നും അഞ്ചുപേര്‍ പുറത്താകുമെന്നുമാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ മാറ്റിയേക്കുമെന്നും രാജ്യസഭാംഗം സി സദാനന്ദനെ പുതിയ മന്ത്രിയാക്കുമെന്നും അഭ്യൂഹമുണ്ട്. നീറ്റ് യുജി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടാനിടയുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ അടിമുടി മാറ്റത്തിനൊരുങ്ങുന്നതായി സൂചന. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകള്‍ മാറുമെന്നും അഞ്ചുപേര്‍ പുറത്താകുമെന്നുമാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ മാറ്റിയേക്കുമെന്നും രാജ്യസഭാംഗം സി സദാനന്ദനെ പുതിയ മന്ത്രിയാക്കുമെന്നും അഭ്യൂഹമുണ്ട്. നീറ്റ് യുജി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടാനിടയുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ നിന്ന് നിലവില്‍ രണ്ടുപേരാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. ഇതില്‍ സുരേഷ് ഗോപി തുടരുമെന്നാണ് സൂചന. ജോര്‍ജ് കുര്യന്‍ തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ജോര്‍ജ് കുര്യന്‍. കാലാവധി അവസാനിക്കിരിക്കെ വീണ്ടും ബിജെപി പരിഗണിക്കുമോ എന്ന് വ്യക്തമായിട്ടില്ല. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള യുവനേതാവ് അനൂപ് ആൻറണി മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ക്രൈസ്തവ സഭകളുമായുള്ള അടുത്ത ബന്ധവും അനൂപിന് അനുകൂല ഘടകമാണ്.എന്നാൽ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ സി സദാനന്ദനാണ് കേരളത്തിൽ നിന്നും പരിഗണനയിലുള്ളവരുടെ മുൻ നിരയിലെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നൽകുന്ന സൂചന. രാജ്യസഭയിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴായി പുകഴ്ത്തിയുള്ള അംഗമാണ് സി സദാനന്ദന്‍. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത് എത്തിയ അംഗമാണെങ്കിലും, മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്.