പശ്ചിമ ബംഗാളിലെ ഫല്‍ത നിയമസഭാ മണ്ഡലത്തിലെ റീപോളിംഗ് ഇന്ന് നടക്കും

സ്ഥാനാര്‍ത്ഥിയുടെ തീരുമാനം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു

 

മണ്ഡലത്തില്‍ മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഹാംഗിര്‍ ഖാന്‍ പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു.

പശ്ചിമ ബംഗാളിലെ ഫല്‍ത നിയമസഭാ മണ്ഡലത്തിലെ റീപോളിംഗ് ഇന്ന് നടക്കും. പുനര്‍ വോട്ടെടുപ്പ് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മണ്ഡലത്തില്‍ മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഹാംഗിര്‍ ഖാന്‍ പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് സമാധാനവും വികസനവും ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് തന്റെ തീരുമാനം എന്നും, ഫല്‍തയ്ക്കായി ബിജെപി നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിനെ പ്രശംസിക്കുകയും ചെയ്തു.

എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ തീരുമാനം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതോടെ നിലവില്‍ മത്സരം ബിജെപിയുടെ ദേബാങ്ഷു പാണ്ഡ, കോണ്‍ഗ്രസിന്റെ അബ്ദുള്‍ റസാഖ് മൊല്ല, സിപിഎമ്മിന്റെ ശംഭു നാഥ് കുര്‍മി എന്നിവര്‍ തമ്മിലാണ്. ഏപ്രില്‍ 29ന് നടന്ന തെരഞ്ഞെടുപ്പ് വ്യാപക ക്രമക്കേടുകള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അസാധുവാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് 285 ബൂത്തുകളിലുമുള്ള സമ്പൂര്‍ണ പുനര്‍വോട്ടെടുപ്പ് നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. വോട്ടെണ്ണല്‍ ഈ മാസം 24ന് നടക്കും.