സർക്കാർ ജോലി ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: തമിഴ്നാട്ടിൽ ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്
തമിഴ്നാട്ടിൽ വിവിധ സർക്കാർ തസ്തികകളിലേക്കുള്ള മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമേകി ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് അനുവദിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിട്ടു. വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ദീർഘനാളായുള്ള ആഗ്രഹങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് ഈ നിർണായക തീരുമാനമെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ചെന്നൈ: തമിഴ്നാട്ടിൽ വിവിധ സർക്കാർ തസ്തികകളിലേക്കുള്ള മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമേകി ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് അനുവദിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിട്ടു. വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ദീർഘനാളായുള്ള ആഗ്രഹങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് ഈ നിർണായക തീരുമാനമെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഈ ഇളവ് അടുത്ത അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും. നിലവിൽ ഓരോ വിഭാഗത്തിനും അനുവദിച്ചിട്ടുള്ള ഉയർന്ന പ്രായപരിധിക്ക് പുറമെയായിരിക്കും അധികമായി ഈ അഞ്ച് വർഷത്തെ ആനുകൂല്യം ലഭിക്കുക.
ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഉയർന്ന തസ്തികകളായ ഗ്രൂപ്പ് I സർവീസുകളിൽ ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കുള്ള ഉയർന്ന പ്രായപരിധി 32-ൽ നിന്ന് 37 വയസ്സായി ഉയരും. വിവിധ സംവരണ വിഭാഗക്കാർക്ക് നിലവിലുള്ള 37 വയസ്സെന്ന പരിധി 42 ആയും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഭിന്നശേഷി വിഭാഗത്തിലെ ജനറൽ ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 42-ൽ നിന്ന് 47 ആയും, സംവരണ വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് 47-ൽ നിന്ന് 52 ആയും വർദ്ധിക്കും. ഗ്രൂപ്പ് II, IIA സർവീസുകളിൽ ജനറൽ വിഭാഗക്കാരുടെ പ്രായപരിധി 30-ൽ നിന്ന് 35 വയസ്സായും ഈ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 40-ൽ നിന്ന് 45 വയസ്സായും ഉയർത്തിയിട്ടുണ്ട്. സമാനമായ ഇളവുകൾ മറ്റ് ഗ്രൂപ്പ് സർവീസുകൾക്കും ബാധകമാകുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് പ്രതീക്ഷ നൽകുന്നത്.