ക്ഷേത്രങ്ങളിൽ ഇനി റീൽസ് വേണ്ട : സെപ്തംബർ 1 മുതൽ ക്ഷേത്ര പരിസരത്ത് മൊബൈൽ ഫോണുകളുടെ ഉപയോഗം നിരോധിക്കുമെന്ന് തമിഴ്നാട് സർക്കാർ
സെപ്തംബർ 1 മുതൽ സംസ്ഥാനത്തുടനീളമുള്ള പ്രധാന ക്ഷേത്രങ്ങളുടെ പരിസരത്ത് മൊബൈൽ ഫോണുകളുടെ ഉപയോഗം നിരോധിക്കുമെന്ന് തമിഴ്‌നാട് ഹിന്ദു മത-ധർമനിഷ്ഠാ ബോർഡ് മന്ത്രി എസ്. രമേഷ് അറിയിച്ചു.
തമിഴ്നാട് : സെപ്തംബർ 1 മുതൽ സംസ്ഥാനത്തുടനീളമുള്ള പ്രധാന ക്ഷേത്രങ്ങളുടെ പരിസരത്ത് മൊബൈൽ ഫോണുകളുടെ ഉപയോഗം നിരോധിക്കുമെന്ന് തമിഴ്‌നാട് ഹിന്ദു മത-ധർമനിഷ്ഠാ ബോർഡ് മന്ത്രി എസ്. രമേഷ് അറിയിച്ചു. ഇതിൻറെ ഭാഗമായി പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്നതിനായി പ്രത്യേക കൗണ്ടറുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളുടെ വിഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്ര സ്വത്തുക്കൾ വീണ്ടെടുക്കുമെന്നും അവ അനുവദിച്ചു നൽകിയ ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിനായി രൂപീകരിച്ച ഒരു ട്രസ്റ്റിൻറെ വസ്തുവകകൾ നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് 19 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ശ്രീ രമേഷ് പറഞ്ഞു. കേസിൽ ചില പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ ഡി.എം.കെ ഭരണകാലത്ത് ഇത്തരം സംഭവങ്ങളിൽ നടപടിയൊന്നും എടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങളിൽ നടന്നുവരുന്ന പുനരുദ്ധാരണ പ്രവൃത്തികൾ വേഗത്തിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിൽ, ക്ഷേത്രങ്ങളിൽ നടത്താനിരിക്കുന്ന കുംഭാഭിഷേകങ്ങളുടെ എണ്ണം, ഏറ്റെടുക്കേണ്ട പുതിയ പുമരുദ്ധാരണ പ്രവൃത്തികൾ, തമിഴ്‌നാട്ടിൽ പൂർണമായോ ഭാഗികമായോ ജീർണാവസ്ഥയിലുള്ള ക്ഷേത്രങ്ങളും അവയുടെ പുനരുദ്ധാരണവും, പുനരുദ്ധരിക്കേണ്ട ക്ഷേത്ര രഥങ്ങളുടെയും ക്ഷേത്രക്കുളങ്ങളുടെയും എണ്ണം എന്നിവ സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി എസ്. രമേഷ് കൂട്ടിച്ചേർത്തു.