മുംബൈയിൽ റെക്കോർഡ് മഴ ; 13 മരണം
മുംബൈ : മുംബൈയിൽ റെക്കോർഡ് ഭേദിച്ച നിലയിൽ പെയ്ത മഴയിൽ 13 പേർ മരിച്ചു. റെക്കോർഡ് മഴ തുടരുന്നു. ശക്തമായ മഴയിലും കാറ്റിലും മണ്ണിടിച്ചിലിലും 13 പേർ മരിച്ചു. മുംബൈ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ലോണാവാലയിൽ 670 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
അന്ധേരി ഈസ്റ്റ് പ്രദേശത്ത് കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുള്ള റോഡുകളിലൂടെ യാത്രക്കാർ ദുരിതത്തിലായി.ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) റെഡ് അലർട്ട് മുന്നറിയിപ്പിനെ തുടർന്ന് മുംബൈ സർവകലാശാല ജൂലൈ 6-ന് (ഇന്ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
മഴ കനത്ത സാഹചര്യത്തിൽ മുംബൈ, പുനെ, താനെ, പാൽഘർ ജില്ലകളിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ച അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് മഹാരാഷ്ട്ര നിയമസഭാ സമ്മേളനം നിർത്തിവെച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. സർക്കാർ ജീവനക്കാർക്ക് ഹാഫ് ഡേ ലീവ് അനുവദിച്ചു.