തൃണമൂല്‍ ഭവന്‍ വിമത എംഎല്‍എമാര്‍ ഏറ്റെടുത്തു
യോഗം ചേര്‍ന്നതിനുശേഷം ഓഫീസ് ഗേറ്റുകള്‍ പൂട്ടിയതായും റിപ്പോര്‍ട്ടുണ്ട്.
തൃണമൂല്‍ ഭവനിലെത്തി ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത സംഘം നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു
തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനമായ തൃണമൂല്‍ ഭവന്‍ വിമത എംഎല്‍എമാര്‍ ഏറ്റെടുത്തു. പാര്‍ട്ടിയുടെ പേരിനും തിരഞ്ഞെടുപ്പ് ചിഹ്നത്തിനുമുള്ള അവകാശവാദം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് വിമതരുടെ ഈ നീക്കം. ന്യൂഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം വെള്ളിയാഴ്ചയാണ് ഇ എം ബൈപാസിലുള്ള തൃണമൂല്‍ ഭവനിലെത്തി ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത സംഘം നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അവിടെ യോഗം ചേര്‍ന്നതിനുശേഷം ഓഫീസ് ഗേറ്റുകള്‍ പൂട്ടിയതായും റിപ്പോര്‍ട്ടുണ്ട്.
കെട്ടിടത്തിന്റെ ഉടമകളുമായി ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇനി മുതല്‍ തൃണമൂല്‍ ഭവനില്‍ നിന്നായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെന്നും വിമത നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. തൃണമൂല്‍ ഭവന് പുറത്ത് ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന ബോര്‍ഡും വിമത വിഭാഗം സ്ഥാപിച്ചു. മുതിര്‍ന്ന എംഎല്‍എ അരൂപ് റോയിയെ പാര്‍ട്ടി ചെയര്‍പേഴ്‌സണായി വിമതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് പൊലീസ്, കേന്ദ്രസേന എന്നിവരെ വിന്യസിച്ചിട്ടുണ്ട്.