വിമത ശല്യം രൂക്ഷം ; തൃണമൂല്‍ കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണി

പാര്‍ട്ടി നേതൃത്വവുമായി അകലുകയും സംഘടന വിട്ടുപോവുകയും ചെയ്ത നേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പുതിയ പുനഃസംഘടനയെന്ന് യോഗത്തിന് ശേഷം ടിഎംസി എംപി സൗഗത റോയ് മാധ്യമങ്ങളോട് പറഞ്ഞു

 

യുവനേതാവ് അര്‍ണബ് ബാനര്‍ജിയെ സംസ്ഥാന തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും കുനാല്‍ ഘോഷിനെ വടക്കന്‍ കൊല്‍ക്കത്ത സംഘടനാ ജില്ലാ പ്രസിഡന്റായും നിയമിച്ചു.

പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി. പാര്‍ട്ടിയുടെ വിവിധ പോഷക സംഘടനകളിലും പ്രാദേശിക ഘടകങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. യുവനേതാവ് അര്‍ണബ് ബാനര്‍ജിയെ സംസ്ഥാന തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും കുനാല്‍ ഘോഷിനെ വടക്കന്‍ കൊല്‍ക്കത്ത സംഘടനാ ജില്ലാ പ്രസിഡന്റായും നിയമിച്ചു. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ പുതിയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. കൂടാതെ ന്യൂനപക്ഷ സെല്‍ പ്രസിഡന്റായി മൊസറഫ് ഹൊസൈനെയും മഹിളാ വിംഗ് (വനിതാ വിഭാഗം) പ്രസിഡന്റായി അലിഫാ അഹമ്മദിനെയും തിരഞ്ഞെടുത്തു.

പാര്‍ട്ടി നേതൃത്വവുമായി അകലുകയും സംഘടന വിട്ടുപോവുകയും ചെയ്ത നേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പുതിയ പുനഃസംഘടനയെന്ന് യോഗത്തിന് ശേഷം ടിഎംസി എംപി സൗഗത റോയ് മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ സൗഗത റോയിയെയും ജ്യോതിപ്രിയ മല്ലിക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി വിട്ട വിമതരെ പൂര്‍ണ്ണമായി വെട്ടിമാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. മഹുവ മൊയ്ത്ര, ബിമന്‍ ബാനര്‍ജി തുടങ്ങിയ പ്രമുഖ നേതാക്കള്‍ സൂം വഴി വിര്‍ച്വലായി ഈ യോഗത്തില്‍ പങ്കെടുത്തു. അടുത്തിടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമങ്ങളെയും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതിനെയും യോഗം ശക്തമായി അപലപിച്ചു.