വോട്ട് ചോരി ആരോപണം, രാഷ്ട്രപതി യോജിച്ചെന്ന രാഹുല്‍ഗാന്ധിയുടെ വാദം തള്ളി രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് നിവേദനം നല്‍കി.

 

രാഷ്ട്രപതി വോട്ടുചോരി ആരോപണങ്ങള്‍ തള്ളിക്കളയാത്തത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് രാഹുല്‍ പറഞ്ഞത്.

രാഷ്ട്രപതി വോട്ട് ചോരി ആരോപണത്തോട് യോജിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം അടിസ്ഥാനരഹിതമെന്ന് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍. രാഷ്ട്രപതി അത്തരത്തില്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നാണ് വിശദീകണം. രാഹുല്‍ ഗാന്ധി കളവ് പറയുന്നുവെന്നും ഭരണഘടനാ സ്ഥാപനങ്ങളെ തന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും ബിജെപി ആരോപിച്ചു. രാഷ്ട്രപതി വോട്ടുചോരി ആരോപണങ്ങള്‍ തള്ളിക്കളയാത്തത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് രാഹുല്‍ പറഞ്ഞത്.


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് നിവേദനം നല്‍കി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, ഒമര്‍ അബ്ദുള്ള തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും ചേര്‍ന്ന് 'വോട്ട് ചോരി' (വോട്ട് തട്ടിപ്പ്) നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണമടങ്ങിയ മെമ്മോറാണ്ടമാണ് നേതാക്കള്‍ രാഷ്ട്രപതിക്ക് കൈമാറിയത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുല്‍ ഗാന്ധി, രാഷ്ട്രപതിയുടെ പ്രതികരണം അവിശ്വസനീയവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു എന്ന് വ്യക്തമാക്കി. തങ്ങള്‍ ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണങ്ങളെയോ വാദങ്ങളെയോ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും എല്ലാ കാര്യങ്ങളും അനുഭാവപൂര്‍വ്വം കേട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ ശ്രദ്ധയോടെ കേട്ട രാഷ്ട്രപതി കാര്യം പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അറിയിച്ചു. രാജ്യത്ത് ഇ വി എം പൂര്‍ണ്ണമായും ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേര്‍ന്ന് ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നും സഖ്യനേതാക്കള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും റിപ്പോര്‍ട്ട് തേടണമെന്ന് ആവശ്യപ്പെട്ടതായും രാഷ്ട്രപതിയുടെ പോസിറ്റീവായ നിലപാടിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും മമതാ ബാനര്‍ജിയും കൂട്ടിച്ചേര്‍ത്തു.