ഉത്തർപ്രദേശിൽ ബലാത്സംഗത്തിന് ശേഷം ഒളിവിൽപോയ പ്രതി രണ്ട് മാസത്തിന് ശേഷം തിരിച്ചുവന്ന് ഇരയെ വെടിവെച്ചു കൊന്നു
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തതിന് പൊലീസ് തിരയുന്ന യുവാവ് ഇരയെ വെടിവെച്ചു കൊന്നു. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ലഖ്നോ: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തതിന് പൊലീസ് തിരയുന്ന യുവാവ് ഇരയെ വെടിവെച്ചു കൊന്നു. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ പ്രതി പെൺകുട്ടിയുടെ വീടിന്റെ പിൻവാതിലിലൂടെ അകത്തുകടക്കുകയായിരുന്നു. സഹോദരനോടൊപ്പം ഉറങ്ങികിടക്കുന്ന പെൺകുട്ടിയുടെ തലയിലും കഴുത്തിലുമായി വെടിയുതിർത്തു.
പ്രതി സഹോദരനെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്ത് ഉറങ്ങുകയായിരുന്ന പെൺകുട്ടിയുടെ അമ്മ അക്രമിയെ നേരിടാൻ ശ്രമിക്കുന്നതിനിടെ പ്രതി അവർക്ക് നേരെയും വെടിയുതിർത്തു. പ്രതിയെ കുടുംബം തിരിച്ചറിഞ്ഞുവെന്നും അയാളെ പിടികൂടാൻ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ബസ്തി അഡീഷണൽ പൊലീസ് സൂപ്രണ്ട് ശ്യാമകാന്ത് പറഞ്ഞു.
'ഇരയുടെ അതേ ഗ്രാമത്തിൽ തന്നെ താമസിക്കുന്ന ഇയാൾ കഴിഞ്ഞ വർഷം ഡിസംബറിൽ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യുകയും അതിന്റെ ഫോട്ടോകളും വിഡിയോകളും പകർത്തുകയും ചെയ്തു. ഇത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഡിസംബർ 16ന് പ്രതി അവയിൽ ചിലത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. തുടർന്ന് കുടുംബം പരാതി നൽകി. ഡിസംബർ 17ന് കൽവാരി പൊലീസ് സ്റ്റേഷനിൽ പോക്സോ ആക്ട്, ഐ.ടി ആക്ട് എന്നിവ പ്രകാരം പ്രതിക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അന്നുമുതൽ പ്രതി ഒളിവിലായിരുന്നു' ശ്യാമകാന്ത് പറഞ്ഞു.
പെൺകുട്ടിയുടെ അച്ഛൻ പഞ്ചാബിലാണ് ജോലി ചെയ്യുന്നത്. അമ്മക്കും സഹോദരനുമൊപ്പം താമസിക്കുകയായിരുന്ന പെൺകുട്ടി യു.പി ബോർഡ് പരീക്ഷകൾക്ക് തയാറെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.