രാമക്ഷേത്രം സംഭാവനാ തട്ടിപ്പ് വിവാദം : ഉത്തർപ്രദേശിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായിയെ വീട്ടുതടങ്കലിലാക്കിയെന്ന് പരാതി

 രാമക്ഷേത്രം സംഭാവനാ വിവാദത്തിനു പിന്നാലെ ഉത്തർപ്രദേശിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായിയെ വീട്ടുതടങ്കലിലാക്കിയെന്ന് പരാതി. പാർട്ടി പ്രതിനിധി സംഘം രാമക്ഷേത്രം സന്ദർശിക്കാനിരിക്കെയാണ് അജയ് റായിയെ വീട്ടുതടങ്കലിലാക്കിയത്. പാർട്ടിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

 

ലഖ്നൊ: രാമക്ഷേത്രം സംഭാവനാ വിവാദത്തിനു പിന്നാലെ ഉത്തർപ്രദേശിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായിയെ വീട്ടുതടങ്കലിലാക്കിയെന്ന് പരാതി. പാർട്ടി പ്രതിനിധി സംഘം രാമക്ഷേത്രം സന്ദർശിക്കാനിരിക്കെയാണ് അജയ് റായിയെ വീട്ടുതടങ്കലിലാക്കിയത്. പാർട്ടിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

കോൺഗ്രസ് നേതാക്കളുടെ സന്ദർശനം തടയാനുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കത്തെ ഭീരുത്വം എന്നാണ് റായ് ഇതിനെ വിശേഷിപ്പിച്ചത്.

ക്ഷേത്ര സംഭാവന കൊള്ളയിൽ പ്രതിഷേധിച്ച് പാർട്ടി സംസ്ഥാന യൂണിറ്റ് മേധാവി റായ്, കിഷോരി ലാൽ ശർമ്മ (അമേഠി), രാകേഷ് റാത്തോർ (സീതാപൂർ), ഉജ്വൽ രാമൻ സിങ് (പ്രയാഗ്‌രാജ്), തനുജ് പുനിയ (ബാരാബങ്കി) എന്നിവരുൾപ്പെടെ നാല് മറ്റ് എംപിമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഈ സംഘം അയോധ്യ സന്ദർശിക്കുമെന്നായിരുന്നു പാർട്ടി അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച വൈകീട്ടോടെ അജയ് റായിയെ പൊലീസ് വീട്ടുതടങ്കലിലാക്കുകയായിരുന്നു.

യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായി അടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത്, അയോധ്യയിലെ 'പത്മശ്രീ പാലസ്' ഹോട്ടലിൽ തടവിലാക്കുകയും ചെയ്തതായി കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

അയോധ്യയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച് ക്ഷേത്ര സന്ദർശനത്തിനായി എത്തിയ കോൺഗ്രസ് പ്രതിനിധി സംഘത്തെ യോഗി ആദിത്യനാഥ് സർക്കാർ ഭയക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ശ്രീരാമൻ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ മാത്രം സ്വത്തല്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്. അയോധ്യയിൽ സംഭാവന കൊള്ളയടിച്ചവർക്ക് രാമഭക്തരെ ഭയമാണെന്നും ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടികൾ കൊണ്ട് കോൺഗ്രസിനെ തളർത്താനാകില്ലെന്നും നേതാക്കൾ വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ അയോധ്യയിലെ സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് കർശനമാക്കിയിരിക്കുകയാണ്. അയോധ്യ സന്ദർശിക്കാനെത്തിയ കോൺഗ്രസ് പ്രതിനിധി സംഘത്തെ ഉത്തർപ്രദേശ് പോലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വിവാദമായിരിക്കുകയാണ്.