രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് ഭയന്നിരുന്നു; രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ യാചിച്ചു': സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തല്‍

'അവര്‍ നിങ്ങളെയും കൊല്ലും' എന്നായിരുന്നു രാജീവിനോട് സോണിയ പറഞ്ഞത്.

 

ഇന്ദിരാഗാന്ധിയുടെ മരണത്തിന് പിന്നാലെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കണമെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ ഭര്‍ത്താവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകരുതെന്ന് അദ്ദേഹത്തോട് യാചിച്ചിരുന്നുവെന്ന വെളിപ്പെടുത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. 1984 ഒക്ടോബര്‍ 31-ന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ ഡല്‍ഹിയിലെ എയിംസില്‍ നടന്ന സംഭവങ്ങളും അന്നനുഭവിച്ച കടുത്ത മാനസിക സംഘര്‍ഷവുമാണ് തന്റെ വരാനിരിക്കുന്ന ആത്മകഥയായ ബിലോഗിംഗ്: എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തില്‍ സോണിയ വിവരിക്കുന്നത്.

ഇന്ദിരാഗാന്ധിയുടെ മരണത്തിന് പിന്നാലെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കണമെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയജീവിതം തന്റെ കുടുംബത്തിന് വലിയ അപകടം വരുത്തുമെന്ന് ഭയന്നിരുന്നുവെന്നും ആ ഉത്തരവാദിത്തം ഏറ്റെടുക്കരുതെന്നും രാജീവിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. എയിംസിലെ ശാന്തമായ ഇടനാഴിയില്‍വെച്ച് നടന്ന സംഭാഷണത്തെ കുറിച്ച് ആത്മകഥയില്‍ സോണിയ വിശദീകരിക്കുന്നുണ്ട്.
നാല് വര്‍ഷം മുന്‍പ് വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധിയെ നഷ്ടപ്പെട്ടതും ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതും തളര്‍ത്തിയിരുന്നു. കുടുംബത്തിലെ മറ്റൊരാളെക്കൂടി നഷ്ടപ്പെടുമെന്ന ഭയമാണ് അന്ന് അലട്ടിയത്. രാജീവിനെ ചേര്‍ത്തുപിടിച്ച് രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടതായും സോണിയ ഓര്‍ത്തെടുക്കുന്നു.

'അവര്‍ നിങ്ങളെയും കൊല്ലും' എന്നായിരുന്നു രാജീവിനോട് സോണിയ പറഞ്ഞത്. കണ്ണീരോടെയും കടുത്ത ആശങ്കയോടെയും പ്രധാനമന്ത്രി പദം ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും രാജ്യത്തോടുള്ള കടമ നിറവേറ്റേണ്ടതുണ്ടെന്ന നിലപാടില്‍ രാജീവ് ഉറച്ചുനിന്നു. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിനുവേണ്ടി മുന്നോട്ടുവരുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് അദ്ദേഹം സോണിയയോട് പറഞ്ഞതായും ആത്മകഥയില്‍ വ്യക്തമാക്കുന്നു.
അന്ന് തന്നെ വൈകിട്ട് 40-ാം വയസ്സില്‍ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തോടുള്ള ഉത്തരവാദിത്തവും കുടുംബത്തെക്കുറിച്ചുള്ള ആശങ്കയും തമ്മില്‍ സോണിയ നേരിട്ട മാനസിക സംഘര്‍ഷത്തിന്റെ ആഴം പുസ്തകത്തിലെ ഈ ഭാഗം വ്യക്തമാക്കുന്നു.

1991 മേയ് 21-ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ടിടിഇയുടെ ചാവേര്‍ ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ദേശീയ രാഷ്ട്രീയത്തിലെ വലിയ സംഭവങ്ങള്‍ക്കു പിന്നിലെ വ്യക്തിപരമായ വേദനകളും ഭയങ്ങളും പുസ്തകം തുറന്നുകാട്ടുന്നു. ഇറ്റലിയില്‍ ജനിച്ചുവളര്‍ന്ന സോണിയയുടെ ഇന്ത്യന്‍ ജീവിതത്തിലേക്കും പിന്നീട് സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിലേക്കും പുസ്തകം വെളിച്ചം വീശുന്നുണ്ട്.