മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രസിഡന്‍റ് രാജ് താക്കറെ. ബുധനാഴ്ച രാവിലെ മുംബൈയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഇതിനു പിന്നാലെ രാഷ്ട്രീയ വൃത്തങ്ങളിൽ അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്

 

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രസിഡന്‍റ് രാജ് താക്കറെ. ബുധനാഴ്ച രാവിലെ മുംബൈയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഇതിനു പിന്നാലെ രാഷ്ട്രീയ വൃത്തങ്ങളിൽ അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. രാജ് താക്കറെ താമസിക്കുന്ന സെൻട്രൽ മുംബൈയിലെ ശിവാജി പാർക്കുമായി ബന്ധപ്പെട്ട വിഷയമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായതെന്നാണ് എംഎൻഎസ് വൃത്തങ്ങൾ നൽകുന്ന സൂചന. കൂടാതെ ഏറെക്കാലമായി ഇഴഞ്ഞുനീങ്ങുന്ന മുംബൈ-ഗോവ ഹൈവേയുടെ വിഷയും ചർച്ചയായതായി പറയപ്പെടുന്നു.

അടുത്ത വർഷം കുംഭമേള നടക്കാൻ പോകുന്ന നാസിക്കിലെ റോഡുകളിലെ കുഴികളുടെ വിഷയം കഴിഞ്ഞയാഴ്ച രാജ് താക്കറെ ഉന്നയിച്ചിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും ബിജെപിയുടെ നേതൃത്വത്തിലുള്ള നാസിക് മുനിസിപ്പൽ കോർപ്പറേഷനെയും വിമർശിക്കുകയും ചെയ്തിരുന്നു.

അതേസമയം രാജ് താക്കറെയും ഫഡ്നാവിസും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൽ യാതൊരു തെറ്റുമില്ലെന്നും പ്രതിപക്ഷമായ ശിവസേന എംപി സഞ്ജയ് റൗട്ട് പറഞ്ഞു. റോഡുകളിലെ കുഴികളെയും മുംബൈ-ഗോവ ഹൈവേയെയും കുറിച്ച് സംസാരിക്കാനായിരിക്കാം അദ്ദേഹം പോയതെന്നും സഞ്ജയ് റൗട്ട് വ്യക്തമാക്കി.
അതേസമയത്തിൽ കൂടിക്കാഴ്ച സംബന്ധിച്ച് ഫഡ്നാവിസോ രാജ് താക്കറെയോ പ്രതികരിച്ചിട്ടില്ല.