ആർഎസി ടിക്കറ്റ് സമ്പ്രദായം നിർത്തലാക്കാൻ ആലോചിച്ച് റെയിൽവേ; പരാതികൾ ശക്തമാകുന്നു
ജനപ്രിയമല്ലാത്തതും നിരവധി പരാതികൾക്ക് വഴിവെച്ചതുമായ ആർഎസി (RAC - Reservation Against Cancellation) ടിക്കറ്റ് സമ്പ്രദായം നിർത്തലാക്കുന്ന കാര്യം ഇന്ത്യൻ റെയിൽവേയുടെ സജീവ പരിഗണനയിൽ. രണ്ട് യാത്രക്കാർക്ക് ഒരു ബെർത്ത് വീതം നൽകി, കിടക്കാനായി പകുതി സ്ഥലം മാത്രം ലഭിക്കുമ്പോഴും മുഴുവൻ യാത്രാനിരക്കും ഈടാക്കുന്നതിനെതിരെ വ്യാപകമായി ഉയർന്ന പരാതികളെത്തുടർന്നാണ് റെയിൽവേ ഇക്കാര്യം ഗൗരവമായി പരിശോധിക്കുന്നത്.
ന്യൂഡൽഹി: ജനപ്രിയമല്ലാത്തതും നിരവധി പരാതികൾക്ക് വഴിവെച്ചതുമായ ആർഎസി (RAC - Reservation Against Cancellation) ടിക്കറ്റ് സമ്പ്രദായം നിർത്തലാക്കുന്ന കാര്യം ഇന്ത്യൻ റെയിൽവേയുടെ സജീവ പരിഗണനയിൽ. രണ്ട് യാത്രക്കാർക്ക് ഒരു ബെർത്ത് വീതം നൽകി, കിടക്കാനായി പകുതി സ്ഥലം മാത്രം ലഭിക്കുമ്പോഴും മുഴുവൻ യാത്രാനിരക്കും ഈടാക്കുന്നതിനെതിരെ വ്യാപകമായി ഉയർന്ന പരാതികളെത്തുടർന്നാണ് റെയിൽവേ ഇക്കാര്യം ഗൗരവമായി പരിശോധിക്കുന്നത്.
യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഈ സംവിധാനം പുനഃപരിശോധിക്കുന്നത്. പൂർണ്ണമായ ഉറങ്ങാനുള്ള സ്ഥലം ലഭിക്കാത്തപ്പോൾ മുഴുവൻ യാത്രാനിരക്ക് ഈടാക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് റെയിൽവേ എത്തിച്ചേർന്നിരിക്കുന്നത്. കൂടാതെ, ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ സ്ത്രീകളും പുരുഷന്മാരും ഒരേ സീറ്റ് പങ്കിടേണ്ടി വരുന്നത് സുരക്ഷാപരമായും അല്ലാതെയും യാത്രാവേളകളിൽ വലിയ അസൗകര്യങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന ടിടിഇ മാരുടെ അഭിപ്രായവും ഇക്കാര്യത്തിൽ പുനർചിന്തനത്തിന് പ്രേരകമായിട്ടുണ്ട്.
ആർഎസി ടിക്കറ്റുള്ള യാത്രക്കാരിൽ നിന്ന് മുഴുവൻ നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്ററി പാനലും നേരത്തെ രംഗത്തുണ്ടായിരുന്നു. യാത്രാവേളയിൽ വ്യക്തിഗത ബെർത്തിന്റെ ആനുകൂല്യം ലഭിക്കാത്ത സാഹചര്യത്തിൽ യാത്രക്കാരിൽ നിന്ന് മുഴുവൻ തുക ഈടാക്കുന്നത് ഒഴിവാക്കാൻ നിലവിലെ സംവിധാനം പുനഃപരിശോധിക്കണമെന്ന് പാനൽ റെയിൽവേയോട് ശക്തമായി ശുപാർശ ചെയ്തിരുന്നു.
കമ്പ്യൂട്ടർവത്കൃത ടിക്കറ്റ് സമ്പ്രദായം വരുന്നതിന് മുമ്പാണ് അവസാന നിമിഷത്തെ ടിക്കറ്റ് റദ്ദാക്കലുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി റെയിൽവേ ആർഎസി സമ്പ്രദായം കൊണ്ടുവന്നത്. കൺഫേംഡ് ടിക്കറ്റുകൾക്കും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾക്കും ഇടയിലുള്ള വിഭാഗമാണിത്. നിലവിൽ ഒരു സൈഡ്-ലോവർ ബെർത്താണ് ആർഎസി വഴി രണ്ട് യാത്രക്കാർക്ക് അനുവദിക്കുന്നത്. പകൽ സമയത്ത് ഇരിക്കാനും രാത്രിയിൽ ബെർത്ത് പങ്കിട്ട് കിടക്കാനുമാണ് ഈ സൗകര്യം. പിന്നീട് മറ്റ് യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ മാത്രമേ ആർഎസി യാത്രക്കാർക്ക് മുഴുവൻ ബെർത്ത് ലഭിക്കാൻ സാധ്യതയുള്ളൂ.
എന്നാൽ, ആധുനിക കമ്പ്യൂട്ടർവത്കൃത റിസർവേഷൻ സംവിധാനങ്ങൾ വ്യാപകമായ ശേഷവും ഈ രീതി തുടരുകയായിരുന്നു. ഈ സമ്പ്രദായം പൂർണ്ണമായി ഒഴിവാക്കണോ എന്നത് സംബന്ധിച്ച് റെയിൽവേ ഔദ്യോഗികമായി അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇതിന്റെ സാദ്ധ്യതകൾ റെയിൽവേ ഗൗരവമായി പരിശോധിച്ചുവരികയാണ്.