രാജസ്ഥാനിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം ; ട്രെയിനുകൾ റദ്ദാക്കി
ഇന്ത്യ–പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. അനുപ്ഗഢ്–സൂറത്ത്ഗഢ് റെയിൽവേ പാതയിലെ സ്ഫോടനത്തിൽ ട്രാക്കിന് താങ്ങായി സ്ഥാപിച്ചിരുന്ന രണ്ട് കോൺക്രീറ്റ് തൂണുകൾ സ്ഫോടനത്തിൽ തകർന്നു. ഏതാനും റെയിൽവേ സ്ലീപ്പറുകൾക്കും കേടുപാടുകൾ സംഭവിച്ചു.
ജയ്പൂർ: ഇന്ത്യ–പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. അനുപ്ഗഢ്–സൂറത്ത്ഗഢ് റെയിൽവേ പാതയിലെ സ്ഫോടനത്തിൽ ട്രാക്കിന് താങ്ങായി സ്ഥാപിച്ചിരുന്ന രണ്ട് കോൺക്രീറ്റ് തൂണുകൾ സ്ഫോടനത്തിൽ തകർന്നു. ഏതാനും റെയിൽവേ സ്ലീപ്പറുകൾക്കും കേടുപാടുകൾ സംഭവിച്ചു.
സംഭവത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ സർവിസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഭീകരവിരുദ്ധ സേനയായ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എ.ടി.എസ്) ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
രാത്രി ഒമ്പത് മണിയോടെ അനുപ്ഗഢിൽനിന്ന് സൂറത്ത്ഗഢിലേക്ക് പോയ ട്രെയിൻ ഇതുവഴി കടന്നുപോയി ഏകദേശം 45 മിനിറ്റിന് ശേഷമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം 200 മീറ്ററോളം അകലെ വരെ കേട്ടതായാണ് റിപ്പോർട്ട്. റെയിൽവേ പാളത്തിന് താഴെ ഏകദേശം രണ്ടടി ആഴത്തിൽ കുഴിയും രൂപപ്പെട്ടു.
സംഭവമറിഞ്ഞ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എ.ടി.എസ്), ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി), ഡോഗ് സ്ക്വാഡ്, സുരക്ഷാ ഏജൻസികൾ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ രണ്ടുമണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘവും സ്ഥലത്തെത്തി.
മുൻകരുതൽ നടപടിയുടെ ഭാഗമായി അനുപ്ഗഢ്–സൂറത്ത്ഗഢ് റൂട്ടിലെ ട്രെയിൻ സർവീസുകൾ രാവിലെ ഒമ്പതുവരെ നിർത്തിവച്ചു. പുലർച്ചെ രണ്ടുമണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘവും സ്ഥലത്തെത്തി. റെയിൽവേ ട്രാക്കിന് താങ്ങായി സ്ഥാപിച്ചിരുന്ന രണ്ട് സിമന്റ് തൂണുകൾ സംശയാസ്പദമായ സ്ഫോടനത്തിൽ തകർന്നതായി ശ്രീഗംഗാനഗർ പൊലീസ് സൂപ്രണ്ട് ഹരിശങ്കർ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകൾ പരിശോധിക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ) സംഘത്തെ വിളിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ യഥാർഥ കാരണം ഇപ്പോൾ വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു.
അതിർത്തി മേഖലയിൽ അടുത്തിടെ പിടിച്ചെടുത്ത 7.5 കിലോഗ്രാം ആർ.ഡി.എക്സുമായി സംഭവത്തിന് ബന്ധമുണ്ടെന്നതിന് നിലവിൽ തെളിവുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നിൽ അട്ടിമറി ശ്രമമുണ്ടോ, റെയിൽവേ പാത മനഃപൂർവം ലക്ഷ്യമിട്ടതാണോ തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.